പ്രവാസികള്‍ക്ക് ക്വാറന്റീന്‍ സൗകര്യമൊരുക്കി പടന്ന പഞ്ചായത്ത്

പടന്ന: നാടണയുന്ന പ്രവാസികള്‍ക്ക് വെല്ലുവിളിയായിരുന്ന ഏഴുദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന് അതാത് പഞ്ചായത്തിനും സൗകര്യം ഒരുക്കാമെന്ന പുതിയ നിലപാട് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസിലെത്തിയ മൂന്നു പടന്ന സ്വദേശികള്‍ കാലിക്കടവില്‍ അധികൃതര്‍ തിരിഞ്ഞു നോക്കാതായതോടെ കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് അസുഖ ബാധിതരായ തങ്ങളെ പഞ്ചായത്തില്‍ തന്നെ ക്വാറന്റീനില്‍ കഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തുണ്ടായ പടന്ന പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിവി മുഹമ്മദ് അസ്്‌ലം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ എന്നിവര്‍ തഹസീല്‍ദാര്‍ മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ ബന്ധപ്പെട്ടതിന്റെ ഫലമായി പടന്നയിലുള്ളവരെ കാഞ്ഞങ്ങാട് താമസിപ്പിക്കാന്‍ ധാരണയായി.
പിസി ഫൗസിയയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പടന്ന പഞ്ചായത്ത് മോണിറ്ററിംഗ് കമ്മിറ്റിയില്‍ തഹസീല്‍ദാരുടെയും മെഡിക്കല്‍ ഓഫീസരുടെയും അനുമതി ലഭിച്ചതിനാല്‍ പ്രവാസികള്‍ക്ക് പടന്നയില്‍ സ്വന്തം വീടുകള്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കും.
നിലവില്‍ ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് ഒരുക്കിയ കെട്ടിടങ്ങള്‍ കൂടാതെ പടന്ന റഹ്മാനിയ്യ മദ്രസ, ഉദിനൂര്‍ ഖാദിമുല്‍ ഇസ്്‌ലാം മദ്രസ കെട്ടിടം എന്നിവ കൂടി പഞ്ചായത്ത് ഏറ്റെടുക്കും. അതോടൊപ്പം ഒഴിഞ്ഞു കിടക്കുന്ന വീടുകളും ഉപയോഗപ്പെടുത്തും. രോഗികളും ഗര്‍ഭിണികളും കുട്ടികളും ഉള്ള വീടുകളില്‍ താമസിക്കുവാന്‍ അനുവദിക്കില്ല. ഇത്തരം സാഹചര്യമുള്ള പ്രവാസികളെ പൊതു ക്വാറന്റീനില്‍ താമസിപ്പിക്കാനാണ് തീരുമാനം.
പടന്നയില്‍ ഇതര സംസ്ഥാനത്ത് നിന്ന് 270ഓളം പേര്‍ ഇതിനകം എത്തിക്കഴിഞ്ഞു. ഇതില്‍ 40പേര്‍ പൊതു കെട്ടിടങ്ങളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് കഴിഞ്ഞത്. 120 പേര്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി. പൊതു ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ സൗകര്യവും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്‌