ഇരുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ച് റേഡിയോ ഏഷ്യ

37

ദുബൈ: 28-ാം പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യക്ക് പുറത്തുള്ള ആദ്യ മലയാള പ്രക്ഷേപണ നിലയമായ ‘റേഡിയോ ഏഷ്യ’. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റാസല്‍ഖൈമ ഗവണ്‍മെന്റിന്റെ ഫ്രീക്വന്‍സിയില്‍ ആരംഭിച്ച മലയാള പ്രക്ഷേപണമാണ് ഇന്നും കരുത്തോടെ യാത്ര തുടരുന്നത്. മുന്‍ മാതൃകകള്‍ ഇല്ലാത്ത മറുനാട്ടില്‍ ഗള്‍ഫിലെ മലയാള പ്രക്ഷേപണ മേഖലയില്‍ പുതു പ്രവണതകള്‍ക്ക് തുടക്കമിട്ടതും റേഡിയോ ഏഷ്യ ആണ്. അത്തരം മാറ്റങ്ങളുടെ ഭാഗമായാണ് എഎം ഫ്രീക്വന്‍സിയില്‍ നിന്നും എഫ്എം എന്ന പുതിയ സങ്കേതത്തിലേക്കുള്ള മാറ്റവും. പുതിയ സാധ്യതകള്‍ തേടുമ്പോഴും മലയാളത്തെയും കേരളത്തിന്റെ തനിമ ചോരാതെയുള്ള പരിപാടികളുമാണ് റേഡിയോ ഏഷ്യയെ വേറിട്ടതാക്കുന്നത്. പ്രവാസ ലോകത്തിന്റെ സ്പന്ദനം അറിഞ്ഞ വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കും പ്രധാന്യം നല്‍കിയാണ് ഇന്നും യാത്ര തുടരുന്നത്. 28 വര്‍ഷമായി ശ്രോതാക്കള്‍ നല്‍കുന്ന പിന്തുണയാണ് റേഡിയോ ഏഷ്യയുടെ കരുത്ത്. മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും ചോരാതെ ഒഴുകിയ പ്രക്ഷേപണ തരംഗ പ്രവാഹത്തില്‍ ഒപ്പമുണ്ടായിരുന്ന ശ്രോതാക്കളെ ഈ സന്തോഷ വേളയില്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു..