നഷ്ടം വിതച്ച് കാറ്റും മഴയും

47
കനത്തകാറ്റില്‍ ചേലേരി വൈദ്യര്‍കണ്ടിയില്‍ വൈദ്യുതി തൂണ്‍ തകര്‍ന്നുവീണപ്പോള്‍

മയ്യില്‍: ഇന്നലെ വൈകീട്ടോടെ മഴക്കൊപ്പമെത്തിയ കാറ്റില്‍ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം. കൊളച്ചേരി, നാറാത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നഷ്ടമാണുണ്ടായത്.പലയിടത്തും വന്‍ മരങ്ങള്‍ കടപുഴകി. കൊളച്ചേരിയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി തൂണില്‍ മരങ്ങളും തെങ്ങുകളും വീണ് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. പല ഭാഗങ്ങളിലും വൈദ്യുതി ലൈനും പൊട്ടി വീണു. റോഡില്‍ മരങ്ങള്‍ വീണതിനാല്‍ പല ഭാഗങ്ങളിലും ഗതാഗതവും നിലച്ചു.
കോടിപ്പോയില്‍ പള്ളി, നാറാത്ത് മുണ്ടോന്‍ വയല്‍, കമ്പില്‍ മൈതാനിപ്പള്ളി, പള്ളിപ്പറമ്പ് നഴ്‌സറി സ്‌കൂള്‍, പ്ലാവുങ്കില്‍, സദ്ദാം മുക്ക് റേഷന്‍ പീടിക, പള്ളിപ്പറമ്പ് കോണ്‍ഗ്രസ് ഓഫീസ് റോഡ്, പെരുമാച്ചേരി ലക്ഷം വീട് എന്നിവിടങ്ങളില്‍ മരം വൈദ്യുതി ലൈനില്‍ വീണ് വൈദ്യുതി ബന്ധം താറുമാറായി. കൊളച്ചേരി കെഎസ്ഇബി പരിധിയില്‍ അമ്പതിലധികം വൈദ്യുതി തൂണ്‍ പൊട്ടി. വൈദ്യുതി പൂര്‍ണമായും പുനസ്ഥാപിക്കണമെങ്കില്‍ രണ്ട് ദിവസം വേണ്ടി വരുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
മയ്യില്‍ പൊലീസ് സ്റ്റേഷന്റെ ഓട് പറന്നു. സ്റ്റേഷന്‍ ചോര്‍ന്നൊലിച്ചു. ചക്കരക്കല്‍, വാരം ഭാഗങ്ങളിലും നാശനഷ്ടമുണ്ടായി.
ചൊക്ലി: കഴിഞ്ഞ ദിവസം ചൊക്ലി മേഖലയിലും കാറ്റും മഴയും വ്യാപക നാശനഷ്ടം വരുത്തിയിരുന്നു. മേനപ്രം പെട്ടിപ്പാലത്ത് മെയിന്‍ റോഡിലെ വൈദ്യുതി ലൈനില്‍ കവുങ്ങ് വീണു. മതിയമ്പത്ത് പള്ളിക്ക് സമീപം സിറ്റ്‌കോ ഹൗസ്, കൊളായി കുഞ്ഞിപ്പറമ്പത്ത്, കണ്ടോത്ത് അമ്പലം പരിസരം, തലശ്ശേരി – പെരിങ്ങത്തൂര്‍ റോഡ്, മേക്കുന്ന് കവിയൂര്‍ ഭാഗങ്ങളില്‍ നിടുമ്പ്രം ഒളവിലം ഭാഗങ്ങളില്‍ നാശനഷ്ടം ഉണ്ടായി.മേനപ്രം മാരാങ്കണ്ടി ഭാഗത്ത് നിരവധി വാഴകള്‍ നശിച്ചു.
പാനൂര്‍: പാനൂര്‍ മേഖലയിലും കഴിഞ്ഞ ദിവസം കാറ്റും മഴയും നാശനഷ്ടം വിതച്ചിരുന്നു. വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. വൈദ്യുതി ബന്ധവും താറുമാറായി. ചെറുവക്കന്‍ മീത്തില്‍ ജനാര്‍ദ്ദനന്‍, പുനത്തില്‍ സലാം എന്നിവരുടെവീടുകള്‍ക്കും കേടുപാടു പറ്റി. തെങ്ങ് വീണ് കീഴ്മാടം ടൗണിലുള്ള ലീഗ് ഓഫീസിന്റെ മേല്‍ക്കൂര തകര്‍ന്നു.