മടങ്ങി, 1458 രാജസ്ഥാന്‍ സ്വദേശികളും

15
കണ്ണൂരില്‍ നിന്നും രാജസ്ഥാനിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ കെഎസ്ആര്‍ടിസി ബസില്‍ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോള്‍

കണ്ണൂരില്‍ നിന്ന് ഇതുവരെ മടങ്ങിയത് 5328 പേര്‍

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 1458 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്നലെ രാത്രി ഒന്‍പതിന് പുറപ്പെട്ട ജയ്പൂരിലേക്കുള്ള വണ്ടിയില്‍ രാജസ്ഥാന്‍ സ്വദേശികളാണ് മടങ്ങിയത്.
നാടിന്റെ വിവിധയിടങ്ങളില്‍ നിന്ന് തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 48 കെഎസ്ആര്‍ടിസി ബസുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
സാമൂഹിക അകലം ഉള്‍പ്പെടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികളെ എത്തിച്ചത്. വണ്ടിയിലും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു ഇരിപ്പിടങ്ങള്‍ നല്‍കിയത്.
യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. തിങ്കളാഴ്ച രാത്രിയോടെ വണ്ടി ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും.
ബസുകളില്‍ കയറുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയിരുന്നു. യാത്രക്കിടെ കഴിക്കാന്‍ ഭക്ഷണവും നല്‍കിയിരുന്നു.
ജില്ലയില്‍ നിന്ന് നേരത്തേ ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് സ്വദേശികളും മടങ്ങിയിരുന്നു.
നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 5328 ആയി.
തൊഴിലാളികളെ യാത്രയയക്കാന്‍ സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ.ഹാരിസ് റഷീദ്, ഡിഡിപി ടിജെ അരുണ്‍, ലേബര്‍ ഓഫീസര്‍ ബേബി കാസ്ട്രോ, തഹസില്‍ദാര്‍ വിഎം സജീവന്‍ എന്നിവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.