
തേഞ്ഞിപ്പലം: നാട്ടിലേക്ക് തിരിച്ചു പോകാനായി എത്തിയ അതിഥി തൊഴിലാളികള്‍ ട്രെയിന്‍ റദ്ദാക്കിയതറിയാതെ മണിക്കൂറുകളോളം വലഞ്ഞു. രാജസ്ഥാനിലേക്ക് പോവാനായി റജിസ്റ്റര്‍ ചെയ്ത് അധികൃതരുടെ നിര്‍ദേശപ്രകാരം ഒരുക്കിയ ചേളാരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തിയ അതിഥി തൊഴിലാളികളാണ് ട്രെയിന്‍ റദ്ദാക്കിയ വിവരമറിയാതെ വലഞ്ഞത്. നൂറ്ക്കണക്കിന് അതിഥി തൊഴിലാളികള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ സംഘടിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസെത്തി പിരിഞ്ഞ് പോവാന്‍ ആവശ്യപ്പെട്ടതോടെ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പൊലീസ് നിര്‍ദേശാനുസരണമാണ് രാജസ്ഥാനിലേക്ക് പോകാനായി അതിഥി തൊഴിലാളികള്‍ എത്തിയതെന്നാണ് വിവരം. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും തൊഴിലാളികള്‍ എത്തിയ വിവരം സ്കൂള്‍ അധ്യാപകന് പി.ടി.എ പ്രസിഡന്റ് എ.പി സലീമിനെ വിവരം അറിയച്ചു. പ്രസിഡന്റ് സ്ഥലത്തെത്തി തൊഴിലാളികളോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പൊലീസ് നിര്‍ദേശമനുസരിച്ചാണ് തങ്ങള്‍ എത്തിയതെന്ന് അതിഥി തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് തേഞ്ഞിപ്പലം വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ടപ്പോഴാണ് രാജസ്ഥാനിലേക്കുളള ട്രെയിന്‍ റദ്ദാക്കിയ വിവരം അറിയുന്നത്. ട്രെയിന്‍ റദ്ദാക്കിയ വിവരം തൊഴിലാളികളെ അറിയിച്ചതോടെ അവര്‍ രോഷാകുലരായി. പിന്നീട് സ്ഥലത്തെത്തിയ പൊലീസ്, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ അതത് പഞ്ചായത്തുകളിലുള്ള അതിഥി തൊഴിലാളികളെ ലിസ്റ്റ് തയാറാക്കി പഞ്ചായത്ത് തലത്തില്‍ ഇവരെ താമസിപ്പിക്കുവാനുള്ള ഏര്‍പ്പാട് ചെയ്യുകയായിരുന്നു.
22ന് പരീക്ഷ തുടങ്ങാനിരിക്കെ അതിഥി തൊഴിലാളികളെ സ്കൂളിലേക്ക് അയച്ചതിനെതിരെ പി.ടി.എ പ്രസിഡന്റ് റവന്യൂ വിഭാഗത്തെ പ്രതിഷേധം അറിയിച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് പോവാന്‍ റജിസ്റ്റര്‍ ചെയ്ത അഥിതി തൊഴിലാളികളെ ചേളാരി സ്കൂളിലെ ക്യാമ്പില്‍ എത്തിച്ച് ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്കുള്ള ട്രെയിന്‍ കയറ്റി യാത്രയയക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ 150 പേരെ മധ്യപ്രദേശിലേക്ക് യാത്രയയച്ചിരുന്നു. ഇത് പ്രകാരം റജിസ്റ്റര്‍ ചെയ്ത രാജസ്ഥാനിലേക്കുള്ള അതിഥി തൊഴിലാളികളാണ് ഇന്നലെ നാട്ടിലേക്ക് തിരിക്കാനായി ചേളാരി സ്കൂളിലെത്തിയത്. ട്രെയിനിന്റെ സമയമാറ്റം അതിഥി തൊഴിലാളികളെ അറിയിക്കാതിരുന്നതാണ് പ്രശ്നമായത്.