റമദാന്‍ അവസാന പത്തില്‍; പകര്‍ച്ച വ്യാധിക്കെതിരെ ഉള്ളുരുകി വിശ്വാസികള്‍

44

അബുദാബി: പുണ്യ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചു. കര്‍മങ്ങള്‍ക്ക് എത്രയോ ഇരട്ടി പ്രതിഫലം ലഭിക്കുന്ന ‘ലൈലത്തുല്‍ ഖദ്‌റി’നെ പ്രതീക്ഷിക്കുന്ന അവസാന പത്തില്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനയും പതിന്മടങ്ങായി മാറും.
ജീവിതത്തിലിന്നേ വരെയുണ്ടായിട്ടില്ലാത്ത അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ വര്‍ഷത്തെ റമദാന്‍ ഓരോ വിശ്വാസിയും ആത്മഗതത്തോടെയാണ് പിന്നിട്ടു കൊണ്ടിരിക്കുന്നത്. ജമാഅത്ത് നമസ്‌കാരവും ജുമുഅയും തറാവീഹുമില്ലാത്ത ആദ്യ റമദാന്‍ വേര്‍പിരിയാനൊരുങ്ങുമ്പോള്‍ വിശ്വാസികളുടെ നെഞ്ചകത്ത് പതിവില്‍ കവിഞ്ഞ നീറ്റലാണുള്ളത്.
ഇക്കൊല്ലത്തെ റമാദാനില്‍ അഞ്ചു വെള്ളിയാഴ്ചകളാണ് ലഭിക്കുന്നത്. നാലു വെള്ളിയാഴ്ചകള്‍ ഇതിനകം പിന്നിട്ടു കഴിഞ്ഞു. അവശേഷിക്കുന്നത് ഒരു വെള്ളിയാഴ്ച മാത്രം. ഒരിക്കല്‍ പോലും ജുമുഅ ഇല്ലാത്ത വേദനാജനകമായ അവസ്ഥ. മാരകമായ പകര്‍ച്ചവ്യാധി എത്രയും വേഗം ലോകത്ത് നിന്നും നശിക്കണമെന്ന പ്രാര്‍ത്ഥനയില്ലാതെ വിശ്വാസികളുടെ ഒരു ദിവസവും കടന്നു പോകുന്നില്ല.