റമസാനിലെ ധര്‍മസമരത്തില്‍ വെടിയേറ്റ അടയാളവുമായി ഇന്നും കര്‍മപഥത്തില്‍

23
ഭാഷാ സമരത്തില്‍ വെടിയേറ്റ റസാഖ്‌

ഭാഷാ സമരത്തിന്റെ ഓര്‍മകളില്‍ റസാഖ്

തേഞ്ഞിപ്പലം: 1980 ല്‍ മുസ്‌ലിം യൂത്ത് കലക്ടറേറ്റ് പിക്കറ്റ് പ്രഖ്യാപിക്കുമ്പോള്‍ റസാഖ് അന്ന് ചേലേമ്പ്ര പഞ്ചായത്ത് യൂത്ത്‌ലീഗ് സെക്രട്ടറിയാണ്. വയസ് ഇരുപത്. യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ സമരത്തിന് മലപ്പുറത്തെത്തിക്കേണ്ട ചുമതലയേറ്റെടുത്തു. അമ്പത് പ്രവര്‍ത്തകരാണ് റസാഖിന്റെയും മറ്റ് സഹ ഭാരവാഹികള്‍ക്കൊപ്പം മലപ്പുറത്തെത്തിയത്. മലപ്പുറത്തെത്തിയപ്പോള്‍ പിക്കറ്റിങ് തുടങ്ങിയിരുന്നു. എങ്ങിനെയെങ്കിലും തിക്കിതിരക്കി സമരത്തിന്റെ മുന്‍ നിരയിലെത്തി. സംസ്ഥാന മുസ്‌ലിംലീഗിന്റെ ഇന്നത്തെ സെക്രട്ടറി കെ.പി. എ മജീദിനടുത്തായിരുന്നു പിക്കറ്റിങില്‍ അണിനിരന്നിരുന്നത്.
സമാധാനപരമായി നടന്ന സമരത്തിനിടയിലാണ് പൊലീസ് വെടിയുതിര്‍ത്തത്. വലത് കൈക്ക് എന്തോ സംഭവിച്ചത് മാത്രമെ ഓര്‍മയുണ്ടായിരുന്നുള്ളൂ. വെടിയുണ്ട കൈയില്‍ തുളച്ച് പുറത്തേക്ക് പോയിരുന്നു. ഞരമ്പുകള്‍ക്ക് ക്ഷതമേറ്റു. മാംസ ഭാഗങ്ങള്‍ തുളഞ്ഞ് പുറത്ത് പോയി.വേദനയില്‍ പുളഞ്ഞ് മലപ്പുറത്തെ ഒരു ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
വെടിയേറ്റ വിവരമറിഞ്ഞ് അപ്പോഴേക്കും ചേലേമ്പ്രയിലെ മുസ്‌ലിംലീഗ് നേതാവായിരുന്ന സി.എം മുസ്തഫ ഹാജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മലപ്പുറത്തെത്തിയിരുന്നു. നാട്ടില്‍ നിന്ന് കൂടെ വന്നവരെല്ലാം കൂട്ടം തെറ്റി. കുടെയുണ്ടായിരുന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ എന്നെ കാണാനില്ലാതെ വിഷമത്തിലായി. പലരും നാട്ടിലേക്ക് തിരിച്ചു.
വീട്ടുകാരെ വിവരമറിയിച്ചില്ല. നോമ്പ് തുറക്കാന്‍ വീട്ടിലെത്താതിരുന്നപ്പോള്‍ വീട്ടുകാര്‍ പരിഭ്രാന്തരായി. പിക്കറ്റിങിന് പോയതാണെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വെടിയേറ്റ വിവരം അവരെ അറിയിച്ചില്ല. നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്നലെ സംഭവിച്ചത് പോലെ റസാഖ് തന്റെ ഓര്‍മകളില്‍ നിന്ന് സമര ചരിത്രം വിവരിക്കുകയാണ്.
ഓരോ റമസാന്‍ 17 കടന്ന് വരുമ്പോഴും ധര്‍മ്മ സമരത്തില്‍ വെടിയേറ്റതിന്റെ അഭിമാനകരമായ അടയാളം ജീവിതത്തില്‍ സൂക്ഷിക്കുകയാണ് റസാഖ്..ഭാഷാ സമരത്തിലേറ്റ വെടിയുണ്ടയുടെ പാടുകള്‍ തുറന്ന് കാട്ടി ജ്വലിക്കുന്ന സമര ഓര്‍മകള്‍ക്ക് വീര്യം പകര്‍ന്ന് റസാഖ് ഇന്നും മുസ്‌ലിംലീഗ് പ്രവര്‍ത്തനത്തില്‍ കര്‍മ്മ രംഗത്തുണ്ട്. ചേലേമ്പ്ര പാറയില്‍ സ്വദേശിയായ എന്‍. വി റസാഖ് ഇപ്പോള്‍ പതിനെട്ടാം വാര്‍ഡ് മുസ്‌ലിംലീഗ് സെക്രട്ടറിയാണ്.