പയ്യന്നൂര്‍: നാട്ടില്‍ പോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് രാമന്തളി യിലും പയ്യന്നൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുവാന്‍ ഒരുങ്ങിയ തൊഴിലാളികളെ പൊലീസ് എത്തി ലാത്തിവീശി ക്യാമ്പുകളിലേക്ക് തിരിച്ചയച്ചു. തായിനേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നു സംഘടിച്ചെത്തിയ ഇരുന്നൂറോളം തൊഴിലാളികളാണ് പയ്യന്നൂര്‍ ടൗണില്‍ തെരുവിലിറങ്ങിയത്.
രാമന്തളി വടക്കുമ്പാട് കൊവ്വലില്‍ തമിഴ്നാട് സ്വദേശികളായ തൊഴിലാളികള്‍ ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടുമാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പയ്യന്നൂരിലെ പ്രതിഷേധം ചില വ്യക്തികള്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. തെരുവിലിറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂവെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
തായിനേരി ഉള്‍പ്പെടെയുളള മൂന്ന് കേന്ദ്രങ്ങളിലേക്ക് ഈ വിവരമെത്തുകയും തുടര്‍ന്ന് പത്തുപേര്‍ വീതമുള്ള ചെറു സംഘങ്ങളായി ടൗണിലെ സിറ്റി ബസാറിനു സമീപം സംഘടിച്ചെത്തി തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയുമായിരുന്നു. ഇവര്‍ക്ക് ആരാണ് ഫോണ്‍ ചെയ്തത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. ഇതില്‍ രണ്ടുപേരുടെ ഫോണ്‍ നമ്പറുകള്‍ പൊലീസിന്റെ കൈവശമുണ്ട്. ഇതില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഇന്സയെ കസ്റ്റഡിയിലെടുത്തു. അതേ സമയം ഭക്ഷണത്തിനാവശ്യമായ അവശ്യ സാധനങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് രാമന്തളിയില്‍ തമിഴ്നാട് സ്വദേശികളുടെ പ്രതിഷേധം.
മുപ്പതോളം അതിഥി തൊഴിലാളികളാണ് തെരുവില്‍ ഇറങ്ങിയത്. പഞ്ചായത്ത് നല്‍കിയത് ആകെ ഏഴ് പേര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ മാത്രമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു: എന്നാല്‍ സംഭവത്തില്‍ പഞ്ചായത്തിന്റെ ഭാഗത്ത് തെറ്റില്ലെന്ന് പ്രസിഡന്റ് എം വി ഗോവിന്ദന് പറഞ്ഞു.
ഭക്ഷണ സാധനങ്ങളെത്തിച്ച് മുസ്ലിം ലീഗ്
പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ മുസ്ലിം ലീഗ് രാമന്തളി ശാഖ കമ്മിറ്റി എത്തിച്ച് നല്കി. രാമന്തളി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികളുടെ ദയനീയത പഞ്ചായത്തിനെയും ജില്ലാ ഭരണകൂടത്തെ ഉള്‍പ്പെടെ അറിയിച്ചിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടി ഉണ്ടായിരുന്നില്ല.