ഉളിക്കല്‍: തന്റെ ദുരിതങ്ങള്‍ പങ്കുവെച്ച് വാട്സ് ആപ്പില്‍ ഒരു വീഡിയോ ഇടുമ്പോള്‍ വട്ടിയംതോട്ടിലെ ചാത്തോത്ത് റംല കരുതിക്കാണില്ല. തന്റെ സ്വപ്നങ്ങള്‍ ഇത്രവേഗം യാഥാര്‍ത്ഥ്യമാകുമെന്ന്. രോഗിയായ തനിക്കും മക്കള്‍ക്കും താമസിക്കാന്‍ ഒരു വീടെന്ന സ്വപ്നവുമായി പല വാതിലുകളിലും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.
ഒടുവില്‍ റംലയ്ക്കും കരുണയുള്ളവരുടെ കരുതലില്‍ ബൈത്തുറഹ്മയില്‍ ഒരു വീട്. വട്ടിയംതോട്ടിലെ പള്ളിക്ക് സമീപത്തെ പറമ്പില്‍ പ്ലാസ്റ്റിക് കൊണ്ട് മറച്ച് വാതില്‍ പോലുമില്ലാത്ത കൂരയിലാണ് റംലയും മകളും അവരുടെ രണ്ട് മക്കളും താമസിക്കുന്നത്. റംലയാണെങ്കില്‍ രോഗിയും.
ആരോഗ്യമുള്ള കാലത്ത് കൂലിപ്പണി ചെയ്ത് കിട്ടിയ വരുമാനം കൊണ്ട് ഒരു തറ കെട്ടി. അഞ്ച് വര്‍ഷമായി തറയുടെ മുകളില്‍ വീടെന്ന സ്വപ്നം കാണാന്‍ തുടങ്ങിയിട്ട്. കെട്ടിപ്പൊക്കാനായില്ല ഇതുവരെയും.
പഞ്ചായത്ത് മുതല്‍ മുട്ടാത്ത വാതിലുകളില്ല. എല്ലാവരും കയ്യൊഴിഞ്ഞു. അങ്ങനെയാണ് താന്‍ ജോലിക്കു നിന്ന വീട്ടിലെ സഹോദരിയുടെ സഹായത്തോടെ തന്റെ ദുരിത കഥ റംല വാട്സ് ആപ്പില്‍ വീഡിയോ ആയി ഇട്ടത്. ഇത് കാണാനിടയായ മുസ്ലിംലീഗ് ഇരിക്കൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടിഎന്‍എ ഖാദര്‍ ഇവരെ വിളിച്ചു വിവരങ്ങള്‍ ആരാഞ്ഞു.
യൂത്ത് ലീഗ് ഉളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ റംലയെ സന്ദര്‍ശിച്ചു. വീഡിയോ കണ്ട സൗദിയിലെ റോന ഗോള്‍ഡ് ഇന്റര്‍ നാഷണന്‍ ഗ്രൂപ്പ് ചെയര്മാന് എടയന്നൂരിലെ റഫീഖ് മുസ്ലിം യൂത്ത് ലീഗ് മട്ടന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ എടയന്നൂര്‍ മുഖേന ടിഎന്‍എ ഖാദറിനെ ബന്ധപ്പെട്ട് ഈ വീട് മുസ്ലിംലീഗ് ബൈത്തുറഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു കൊടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. വീടിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ടിഎന്‍എ ഖാദര്‍ നിര്‍വഹിക്കും.