റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇറച്ചിക്കോഴി വില കുതിക്കുന്നു

45

കാസര്‍കോട്: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇറച്ചിക്കോഴി വില കുതിക്കുന്നു. രണ്ടുദിവസത്തിനകം 25രൂപയിലധികമാണ് കിലോയ്ക്ക് കൂടിയത്. തിങ്കളാഴ്ച വരെ 140രൂപയിലായിരുന്നു കോഴിവില. ഇന്നലെ അത് പലയിടങ്ങളിലും 165-170 രൂപയിലെത്തി.
ലോക്ക്ഡൗണിന് മുമ്പ് 25- 30 രൂപ വരെയെത്തിയിരുന്ന ഇറച്ചിക്കോഴിക്കാണ് ഇന്ന് അഞ്ചിരട്ടിയോളം വില വര്‍ധനവുണ്ടായത്. റമസാന്‍ ആദ്യത്തോടെ 110- 120രൂപയിലെത്തിയ കോഴി വില പിന്നീട് നിയന്ത്രണമില്ലാതെ വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 135-140 രൂപയായിരുന്നു വില. ഇറച്ചിക്കോഴികള്‍ കാസര്‍കോട് ജില്ലയിലേക്ക് കൂടുതലായും എത്തുന്നത് കര്‍ണാടകയില്‍ നിന്നായിരുന്നു. ലോക്ക്ഡൗണായതിനാല്‍ കര്‍ണാടകയില്‍ നിന്നു ഇപ്പോള്‍ കാര്യമായി എത്തുന്നില്ല.
ഇത് മുതലെടുത്ത് നാട്ടിലെ ചെറുകിട കോഴിഫാമുടമകള്‍ കൊള്ളലാഭം കൊയ്യുകയാണെന്നാണ് ഉപഭോക്താക്കളുടെ പരാതി. നിലവില്‍ മലപ്പുറത്ത് നിന്നാണ് ജില്ലയിലേക്ക് കോഴിയെത്തുന്നത്. ഒരു ലോഡ് എത്തിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
എത്തിയാല്‍ തന്നെ പലതും കനത്ത ചൂടില്‍ ചത്തൊടുങ്ങുകയാണ്. കോഴി വരവ് കുറഞ്ഞതും ഡിമാന്റ് കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്നും വ്യാപാരികള്‍ പറയുന്നു. 145- 150വരെയാണ് മൊത്ത വ്യാപാര വില. തൊഴിലാളികളുടെ കൂലിയും മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നത് മുതല്‍ നികുതി- വാടകകളുമെല്ലാം കണക്കുകൂട്ടുമ്പോള്‍ 25-30വരെ അധികം ഈടാക്കിയാലെ മുന്നോട്ടുപോകാനാവൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്.
അതേസമയം റമസാന്‍ ആയതും മത്സ്യ ബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും കാരണം ഇറച്ചിക്കോഴികള്‍ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. എന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അധികൃതരാവട്ടെ നടപടിയെടുക്കുന്നുമില്ല.