യുഎഇയില്‍ നിന്നും ബുധനാഴ്ച നാടണഞ്ഞത് 1,082 പേര്‍, ഒപ്പം 18 കുരുന്നുകളും

അബുദാബി: യുഎഇയില്‍ നിന്നും ബുധനാഴ്ച 1,082 പേരാണ് നാടണഞ്ഞത്. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴിയാണ് ഇത്രയും പേര്‍ എത്തിയത്. ഇവരെ കൂടാതെ രണ്ടു വയസ്സിനു താഴെയുള്ള 18 കുരുന്നുകളും നാട്ടിലേക്ക് പോയി.
ദുബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഐഎക്‌സ് 1434 വിമാനത്തില്‍ 185 യാത്രക്കാരാണുള്ളത്. ഐഎക്‌സ് 1746 കണ്ണൂര്‍ വിമാനത്തില്‍ 182 പേരും ഐഎക്‌സ് 1344 കോഴിക്കോട് വിമാനത്തില്‍ 184 പേരും യാത്ര ചെയ്തു. കോഴിക്കോട് വിമാനത്തില്‍ ഒരു മൃതദേഹവും കൊണ്ടുപോയി.
അബുദാബിയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ പറന്നത്. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഐഎക്‌സ് 1452 വിമാനത്തില്‍ 177 യാത്രക്കാരും രണ്ടു വയസ്സിനു താഴെയുള്ള ആറു കുട്ടികളുമുണ്ടായിരുന്നു.
തിരുവനന്തപുരം ഐഎക്‌സ് 1538 വിമാനത്തില്‍ 174 പേരും മൂന്ന് ശിശുക്കളും ഐഎക്‌സ് 1348 കോഴിക്കോട് വിമാനത്തില്‍ 180 പേരുമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതുകൂടാതെ, അബുദാബിയില്‍ നിന്നും അമൃത്‌സറിലേക്കും സര്‍വീസുണ്ടായിരുന്നു. 157 പേരാണ് ഇതില്‍ യാത്ര തിരിച്ചത്. ചൊവ്വാഴ്ച 725 യാത്രക്കാരാണ് ദുബൈയില്‍ നിന്നും കേരളത്തിലേക്ക് പോയത്.