സഊദിയില്‍ 60,000 പേര്‍ രജിസ്റ്റര്‍ ചെയ്തു; ആദ്യ വിമാനം വെള്ളിയാഴ്ച റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക്

സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്‌

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: പ്രവാസികളുടെ മടക്ക യാത്രക്ക് വേണ്ടി റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇതു വരെ 60,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യ വിമാനം വെള്ളിയാഴ്ച റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ വ്യാഴാഴ്ചക്ക് പകരം വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ആദ്യ വിമാനത്തില്‍ 153 യാത്രക്കാരായിരിക്കും നാട്ടിലേക്ക് തിരിക്കുക. ആദ്യ ഘട്ടത്തില്‍ സഊദിയില്‍ നിന്നും കോഴിക്കോട്ടേക്ക് ഒരു വിമാനവും കൊച്ചിയിലേക്കും ഡല്‍ഹിയിലേക്കും രണ്ടു വിമാനങ്ങള്‍ വീതവും സര്‍വീസ് നടത്തും. 1,000ത്തില്‍ താഴെ യാത്രക്കാരെയാണ് ഈ അഞ്ചു വിമാനങ്ങളിലായി കൊണ്ടു പോകാന്‍ സാധിക്കുക. ഇത് ഒഴിപ്പിക്കലല്ലെന്നും അടിയന്തിര ആവശ്യങ്ങളുള്ളവരെ നാട്ടിലെത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഫ്‌ളൈറ്റ് ചാര്‍ജുമായി ബന്ധപ്പെട്ട ചോദ്യത്തിന് എയര്‍ ഇന്ത്യയുമായി ബന്ധപ്പെടാനാണ് അംബാസഡറുടെ നിര്‍ദേശം. യാത്രക്ക് അനുമതി ലഭിച്ചവര്‍ എയര്‍ ഇന്ത്യ ഓഫീസിനെ സമീപിക്കണം. 1,400 മുതല്‍ 1,500 റിയാല്‍ വരെ ടിക്കറ്റ് നിരക്ക് വരുമെന്നാണ് നിഗമനം. യാത്രാ ചാര്‍ജുമായി ബന്ധപ്പെട്ട് എംബസിക്ക് തീരുമാനമെടുക്കാന്‍ ആവില്ലെന്നും അദ്ദേഹം അറിയിച്ചു. എയര്‍ലൈന്‍ കമ്പനികളും വ്യോമയാന മന്ത്രാലയവുമാണ് ടിക്കറ്റ് ചാര്‍ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വിമാന സര്‍വീസുകള്‍ നടത്താന്‍ സഊദിയില്‍ നിന്നും ഇന്ത്യയില്‍ നിന്നും സ്വകാര്യ വിമാന കമ്പനികള്‍ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ പരിഗണിക്കും. യാത്രാ ടിക്കറ്റുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ എംബസിയുടെ വെല്‍ഫയര്‍ ഫണ്ട് ഉപയോഗിക്കാനുള്ള അനുമതിയില്ല. സഊദിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനാണ് ഫണ്ട് ഉപയോഗിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. ഗര്‍ഭിണികളായ നിരവധി നഴ്‌സുമാരുടെ അപേക്ഷകളാണ് ലഭിച്ചത്. അനുമതി ലഭിച്ചവര്‍ക്ക് 48 മണിക്കൂര്‍ മുന്‍പ് എംബസി വിവരമറിയിക്കും. ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കും ഡല്‍ഹിയിലേക്കും ഓരോ സര്‍വീസുണ്ടാകും. കൂടുതല്‍ സര്‍വീസുകള്‍ പിന്നീട് തീരുമാനിക്കും. നിലവില്‍ റിയാദ്, ദമ്മാം, ജിദ്ദ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം സര്‍വീസ് നടത്തും. സഊദിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അടുത്ത ഘട്ടങ്ങളില്‍ അവസരം നല്‍കാന്‍ ശ്രമിക്കും. നിലവില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു ഭാഗങ്ങളിലുള്ളവരെ ആദ്യ ഘട്ടത്തില്‍ പരിഗണിക്കാന്‍ സാധിക്കില്ല. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു വരികയാണെന്നും യാത്രക്ക് മുന്‍പ് പരിശോധനയുണ്ടാകുമെന്നും അംബാസഡര്‍ പറഞ്ഞു.
സഊദിയില്‍ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം ഉയര്‍ന്നതായി അംബാസഡര്‍ പറഞ്ഞു. എംബസിയില്‍ ലഭിച്ച രേഖകള്‍ പ്രകാരം ഇവരില്‍ ആറു പേര്‍ മലയാളികളാണ്. 2,788 ഇന്ത്യക്കാര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. എല്ലാവരുടെയും നില തൃപ്തികരമാണ്. മികച്ച പരിചരണമാണ് എല്ലാവര്‍ക്കും ലഭിക്കുന്നത്. ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അംബാസഡര്‍ നിര്‍ദേശിച്ചു.