എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വ്യാഴാഴ്ച വൈകുന്നേരം 5.10ന് പുറപ്പെടും

  108

  ദുബൈയില്‍ നിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റം

  ജലീല്‍ പട്ടാമ്പി
  ദുബൈ: കോവിഡ് 19 മൂലം അടിയന്തിര സ്വഭാവത്തിലുള്ള പല കാരണങ്ങളാല്‍ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് അബുദാബിയില്‍ നിന്നായിരിക്കും പുറപ്പെടുന്നത്. വൈകുന്നേരം 4.15നാണ് അബുദാബിയില്‍ നിന്നുള്ള വിമാനം പുറപ്പെടുക. നേരത്തെ, ദുബൈയില്‍ നിന്നാണ് ആദ്യ വിമാനം ഉച്ച 2.10ന് പുറപ്പെടുകയെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
  ടിക്കറ്റ് കണ്‍ഫേം ആയ യാത്രക്കാര്‍ പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടിലെത്തണമെന്നും ഇന്ത്യന്‍ നയതന്ത്ര കാര്യാലയ വൃത്തങ്ങള്‍ അറിയിച്ചു.
  ആവശ്യമായ ദ്രുത പരിശോധനക്കായാണ് പുറപ്പെടലിന് 5 മണിക്കൂര്‍ മുന്‍പ് എത്തേണ്ടതെന്നാണ് അറിയുന്നത്. ദ്രുത പരിശോധനയില്‍ രോഗ ലക്ഷണമുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
  മൂന്ന് ഇതളുകളുള്ള മാസ്‌കുകള്‍, രണ്ടു സെറ്റ് ഹാന്റ് ഗ്‌ളൗസുകള്‍, ചെറിയ കുപ്പി സാനിറ്റൈസര്‍, ഇവ സൂക്ഷിക്കാന്‍ ചെറിയ ഹാന്റ് ബാഗ് എന്നിവ ബോര്‍ഡിംഗ് സമയത്ത് യാത്രക്കാര്‍ക്ക് നല്‍കും.
  എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടിക്കറ്റ് ഇഷ്യൂ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. 170 യാത്രക്കാരാണ് ദുബൈയില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുക. നേരത്തെ, 200 യാത്രക്കാരാണുണ്ടാവുകയെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. സാമൂഹിക അകല പാലനം വിമാനത്തിനകത്തും തുടരാനായാണ് ഇതെന്നാണ് എയര്‍ലൈന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ യാത്രക്കാരനും 25 കിലോ സൗജന്യ ബാഗേജ് ആണ് അനുവദിച്ചിരിക്കുന്നത്.
  ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പുറത്തിറങ്ങൂവെന്നും ക്വാറന്റീന് ആവശ്യമായ ചെലവുകള്‍ സ്വയം വഹിക്കാമെന്നും യാത്രക്കാരില്‍ നിന്നും രേഖാ മൂലം എഴുതി വാങ്ങുന്നതാണ്. വിമാനത്തില്‍ കയറിയാല്‍ മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മുഴുവന്‍ നിര്‍ദേശങ്ങളും യാത്രക്കാര്‍ പൂര്‍ണമായും പാലിക്കണം. നാട്ടില്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ ആരോഗ്യ വിഭാഗം പ്രത്യേക പരിശോധനക്ക് വിധേയമാക്കും.
  എയര്‍പോര്‍ട്ടില്‍ തിക്കും തിരക്കും ഉണ്ടാക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ച പ്രകാരം സാമൂഹിക അകലവും മറ്റു നിബന്ധനകളും എല്ലാ യാത്രക്കാരും പാലിക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
  അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തില്‍ 177 യാത്രക്കാരാണുണ്ടാവുകയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. രജിസ്‌ട്രേഷന്‍ നടത്തിയതില്‍ നിന്നും മുന്‍ഗണനാ പട്ടിക പ്രകാരമാണ് ഇന്ത്യക്കാരെ എംബസി തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെട്ട വിവരം യാത്രക്കാരനെ ഫോണിലൂടെ അറിയിക്കുന്നു. 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
  ഒരാഴ്ചക്കുള്ളില്‍ 10 സ്‌പെഷ്യല്‍ വിമാനങ്ങളിലായി 2,000 ഇന്ത്യക്കാരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിക്കും.
  കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ളതിന് പുറമെ, അടുത്ത ബുധനാഴ്ച വരെ ചെന്നൈ, ലഖ്‌നൗ, ഹൈദരാബാദ്, ന്യൂഡെല്‍ഹി, അമൃത്‌സര്‍ എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്രക്കാരുമായി പറക്കും.
  അതിനിടെ, കോവിഡ് 19ന്റെ മറവില്‍ നാട്ടിലെത്തിക്കാമെന്ന വ്യാജേന ചിലര്‍ നടത്തുന്ന തട്ടിപ്പുകള്‍ക്കിരകളാവരുതെന്ന് അധികൃതര്‍ അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ സഹായിക്കാമെന്നറിയിച്ച് ചില തട്ടിപ്പുകാര്‍ ബാങ്ക് വിവരങ്ങളും ഒടിപികളും ആവശ്യപ്പെടുന്നതായ വിവരം ശ്രദ്ധയില്‍ പെട്ടതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റില്‍ സൂചിപ്പിക്കുന്നു.
  ഇത്തരം വിവരങ്ങള്‍ തങ്ങള്‍ക്കാവശ്യമില്ലെന്നും ടിക്കറ്റിന്റെ പണം വിമാന കമ്പനികള്‍ക്ക് യാത്രക്കാര്‍ നേരിട്ട് അടക്കുകയാണ് വേണ്ടതെന്നും കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.