പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: യുഎഇ കെഎംസിസി

പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം. എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെല്‍ഫെയര്‍ ഫണ്ട് ഇതിനായി വിനിയോഗിക്കണം.
വിസിറ്റ് വിസയിലുള്ളവരുടെ റിട്ടേണ്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കണം. ക്വാറന്റീനിലാകുന്ന പ്രവാസികളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണം. പ്രവാസികളുടെ പുനരധിവാസം സര്‍ക്കാര്‍ ഗൗരവമായി എടുക്കണം.

ദുബൈ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി സ്വാഗതം ചെയ്തു. വൈകിയെങ്കിലും ഇത്തരമൊരു തീരുമാനം ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ് യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നത്. വിസിറ്റ് വിസാ കാലാവധി തീര്‍ന്നവര്‍, ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് യാത്രക്ക് മുന്‍ഗണന നല്‍കിയുള്ള തീരുമാനം അഭിനന്ദനീയം തന്നെ. എന്നാല്‍, കയ്യില്‍ പണമില്ലാത്ത പ്രവാസികളെ സൗജന്യമായാണ് സര്‍ക്കാര്‍ നാട്ടിലെത്തിക്കേണ്ടതെന്നും ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെല്‍ഫെയര്‍ ഫണ്ട് ഇതിനായി ചെലവഴിക്കണമെന്നും കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ട്രഷറര്‍ യു.അബ്ദുല്ല ഫാറൂഖി, സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം, മറ്റു ഭാരവാഹികളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, എം.പി.എം റഷീദ്, നിസാര്‍ തളങ്കര, പി.കെ.എ കരീം, സൂപ്പി പാതിരിപ്പറ്റ, അബു ചിറക്കല്‍, മുസ്തഫ മുട്ടുങ്ങല്‍, അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി എന്നിവര്‍ അഭിപ്രായപ്പെട്ടു. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന വിസിറ്റ് വിസയിലുള്ളവരുടെ റിട്ടേണ്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കണം. ക്വാറന്റീനിലാകുന്ന പ്രവാസികളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണം. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

 

ദുബൈ കെഎംസിസി

ദുബൈ: വൈകി എടുത്തതെങ്കിലും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയും സ്വാഗതം ചെയ്തു. ഏറെ നാളത്തെ ആവശ്യങ്ങള്‍ക്ക് ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ചെവി കൊടുത്തത് വലിയ ആശ്വാസമാണെന്നും പ്രവാസികള്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കുകയെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദുബൈ കെഎംസിസി ഭാരവാഹികളായ ഇബ്രാഹിം എളേറ്റില്‍, മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.