പ്രവാസികളുടെ തിരിച്ചുപോക്ക്: മനുഷ്യാവകാശ കമീഷന് ഭീമ ഹരജി

101

ദുബൈ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെ തിരിച്ചെത്തിക്കേണ്ട ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമായി മനുഷ്യവകാശ കമ്മീഷന് (എന്‍എച്ച്ആര്‍സി) മുന്നില്‍ പ്രവാസികളുടെ ഭീമ ഹരജി. ആറു ഗള്‍ഫ് രാജ്യങ്ങില്‍ നിന്നായി മൂവായിരത്തോളം പ്രവാസി പ്രതിനിധികളാണ് നിവേദനത്തില്‍ ഒപ്പു വെച്ചിട്ടുള്ളത്. ‘വി ദ പീപ്പിള്‍’ ആണ് നിവേദനത്തിന് പിന്നില്‍.
വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഭാരതീയരുടെ നിലവിലെ ദയനീയാവസ്ഥയില്‍ ഉടന്‍ ഇടപെടണമെന്നും നീണ്ട കാലത്തെ മുറവിളിക്ക് ശേഷം പ്രവാസികളെ തിരിച്ചുകൊണ്ടുപോകാന്‍ ഏര്‍പ്പെടുത്തിയ നാമമാത്ര വിമാന സര്‍വീസുകള്‍ അപര്യാപ്തമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ നിവേദക സംഘം എന്‍എച്ച്ആര്‍സി ചെയര്‍പെഴ്‌സന്‍ ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന് നിവേദനം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള പ്രവാസി പൗരന്മാരുടെ മേലുള്ള അവകാശ ലംഘനമാണ്. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന അടിസ്ഥാന തൊഴിലാളികള്‍, ജോലി നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയിലെത്തിയ ഉദ്യോഗാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ഓരോ പ്രതിനിധികളുടെ സത്യവാംങ്മൂലവും നിവേദനത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
വിവിധ പ്രവാസി സംഘടനാ പ്രതിനിധികളായ അബുല്ലൈസ് എടപ്പാള്‍ (പ്രവാസി ഇന്ത്യ), പുന്നക്കന്‍ മുഹമ്മദലി (ഇന്‍കാസ്), കബീര്‍ കട്‌ലറ്റ് (പ്രേരണ ദുബൈ), ഡയസ് ഇടിക്കുള (കേരള പ്രവാസി കോണ്‍ഗ്രസ്), രാജന്‍ കൊളാവിപ്പാലം (ജനത കള്‍ചറല്‍ സെന്റര്‍), വില്‍സണ്‍ തോമസ് (യുവ കലാ സാഹിതി), അഡ്വ. ഫസല്‍ (ഐടിഎസ്എന്‍ജി ), പ്രമോദ് പി.വി (ഗ്രാമം), സി.പി ജലീല്‍ (ദര്‍ശന യുഎഇ), അബ്ദുല്‍ അസീസ് (എംഇഎസ്), റോസി ദാസ് (പ്രവാസി ശ്രീ), ഫിറോസ് തമന്ന (ചിരന്തന), റിയാസ് തിരുവന്തപുരം (ഐഎംസിസി), മുബാറക് റസാഖ് (സി കെയര്‍) എന്നിവരും; ഇ കെ ദിനേശന്‍, ബാബു വടകര, പി. ശിവപ്രസാദ്, മസ്ഹറുദ്ദീന്‍, അസി, ബുനൈസ് കാസിം, ഷിനു ആവോലം, അഡ്വ. മുഹമ്മദ് സാജിദ്, നാസര്‍ ഊരകം, അരുണ്‍ സുന്ദര്‍ രാജ്, സുപ്രിയ ടീച്ചര്‍, ഷമീം, മഷ്ഹൂദ് കെ.സി തുടങ്ങിയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും നിവേദനത്തില്‍ ഒപ്പിട്ടു.