പൊതുഗതാഗതവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ ഇവര്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും കാര്യമായ പങ്ക് വഹിച്ചു
ദുബൈ: കോവിഡ് 19 കാലത്ത് ദുബൈ ഗവണ്മെന്റ് പദ്ധതികള്‍ ജനങ്ങളിലെത്താന്‍ അവിരാമം പ്രയത്നിച്ച മൂന്നു മലയാളി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട് അഥോറിറ്റിയുടെ അഭിനന്ദനം.
കോവിഡ് കാലത്തെ ദുബൈയുടെ ഓരോ ദൃശ്യങ്ങളും പകര്‍ത്താന്‍ വിശ്രമമില്ലാതെ പ്രയത്നിച്ച ഫോട്ടോഗ്രാഫര്‍മാരായ സാഹിര്‍ ബാബു, ശ്രീജിത് ലാല്‍ കൊടിയില്‍, ജോബിന് ഇഗ്നേഷ്യസ് എന്നിവരെയാണ് ആര്‍ടിഎയുടെ കോര്‍പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് ആന്റ് സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിലെ മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പറേറ്റ് കമ്യൂണികേഷന്‍സ് ഡിപാര്‍ട്മെന്റ് അഭിനന്ദിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അണുനശീകരണ പദ്ധതിയുമായി ദുബൈ മുന്നോട്ട് പോയ സാഹചര്യങ്ങളില്‍ പൊതുഗതാഗതവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ ഇവര്‍ പകര്‍ത്തിയ ചിത്രങ്ങളും വിഡിയോകളും കാര്യമായ പങ്ക് വഹിച്ചു. ദുബൈ ഗവണ്മെന്റ് നിഷ്കര്‍ഷിച്ച എല്ലാ സുരക്ഷാ ക്രമീകരണങ്ങളുമനുസരിച്ചാണ് ഇവര്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ചത്.
12 വര്‍ഷമായി ആര്‍ടിഎയില്‍ ജോലി ചെയ്യുന്ന സീനിയര്‍ ഫോട്ടോഗ്രാഫര്‍ സാഹിര്‍ ബാബു തൃശൂര്‍ ചാലക്കുടി കൊരട്ടി സ്വദേശിയാണ്. ശ്രീജിത് ലാല്‍ പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയും ജോബിന് ഇഗ്നേഷ്യസ് കൊല്ലം ഇരവിപുരത്തുകാരനുമാണ്.