മസ്കത്ത്: കോവിഡ് 19 മൂലമുണ്ടായ അനിശ്ചിതത്വത്തില്‍ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് പ്രവാസികളെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന നടപടിയില്‍ തികച്ചും നിഷ്ക്രിയരായി ഇന്ത്യന്‍ എംബസികളും സര്‍ക്കാര്‍ സംവിധാനങ്ങളും മാറിയെന്ന് പ്രവാസ ലോകത്തെ ഏറ്റവും വലിയ സാമൂഹിക സംഘടനയായ കെഎംസിസി ആരോപിച്ചു. വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഉത്തരവിട്ടു എന്നതൊഴിച്ചാല്‍ രണ്ടു മാസക്കാലമായി ഗള്‍ഫ് നാടുകളില്‍ പ്രതിസന്ധിയിലകപ്പെട്ട സ്വന്തം പൗരന്മാര്ക്ക് യാത്രാ ടിക്കറ്റിനുള്ള വക പോലും നല്കാന് സര്‍ക്കാര്‍ മുതിര്‍ന്നില്ല എന്നത് പരിഹാസ്യമായ നടപടിയാണെന്ന് കെഎംസിസി ആരോപിച്ചു.
നിലവില്‍ വിവിധ എംബസികള്‍ ഏര്‍പ്പെടുത്തിയ സാധ്യതാ ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും അസുഖ ബാധിതരും ഗര്‍ഭിണികളും തുടങ്ങി ഏറ്റവും ദുസ്സഹമായി പ്രതിസന്ധിയെ അഭിമുഖീകരിച്ച് ഗള്‍ഫ് നാടുകളില്‍ കഴിയുന്നവര്‍ക്ക് പോലും യാത്ര ചെയ്യാനുള്ള അവസരം സാധ്യമല്ല എന്നതാണ് മറ്റൊരു കാര്യം. പ്രവിശ്യകള്‍ വിഭജിച്ച് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ എംബസിയുടെ സാധ്യതാ ലിസ്റ്റില്‍ യാത്ര ചെയ്യാന്‍ അവസരം കിട്ടിയവര്‍ക്ക് അതത് രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളിലേക്ക് പോകാനുള്ള യാത്രാ രേഖ പോലും തയാറാക്കി നല്കാന് എംബസിക്ക് കഴിഞ്ഞിട്ടില്ല. ഒമാനില്‍ കുടുങ്ങിയ നിരവധി കുടുംബങ്ങള്‍ക്കും സന്ദര്‍ശക വിസയിലെത്തിയവര്‍ക്കും ഇക്കാരണത്താല്‍ ആദ്യ ഘട്ട വിമാനത്തില്‍ നാട്ടിലെത്താന്‍ കഴിയാത്തത് അധികൃതരുടെ നിസ്സംഗത കൊണ്ടാണെന്ന് റൂവി കെഎംസിസി ആരോപിച്ചു. നോര്‍കയുടെ രജിസ്ട്രേഷന് കേവലം അന്വേഷണം മാത്രമാണെന്നതും മലയാളി സമൂഹത്തിനിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെക്കുകയുണ്ടായി. നാട്ടിലെത്തിയാല്‍ ക്വാറന്റീന് സംവിധാനവും മറ്റും സ്വന്തം ചെലവില്‍ നിവര്ത്തിക്കേണ്ടി വരുമെന്നതും മറ്റൊരു കാര്യമാണ്. ഇറാഖില്‍ നിന്നും യെമനില്‍ നിന്നുമുണ്ടായ അടിയന്തിര ഒഴിപ്പിക്കലും കോവിഡ് ബാധയുണ്ടായപ്പോള്‍ ചൈനയില്‍ നിന്നും ഇന്ത്യക്കാരെ രാജ്യത്തിന്റെ ചെലവില്‍ നാട്ടിലെത്തിച്ച സര്‍ക്കാര്‍ സംവിധാനങ്ങളും നിയമങ്ങളും നിലനില്ക്കുമ്പോള്, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പങ്ക് വഹിക്കുന്ന ഗള്‍ഫ് പ്രവാസികളോട് കാട്ടുന്ന വിവേചനം വലിയ ആശങ്കയും നിരാശയുമാണ് നല്‍കുന്നതെന്ന് റൂവി കെഎംസിസി വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.