ലോക് ഡൗണ്‍ കാലം; ‘അസ്സലാമു അലൈകും…’
കുളിമാട്: പ്രവാസി സമൂഹം നെഞ്ചിലേറ്റിയ യുവ എഴുത്തുകാരിയായ സക്കീന ഓമശ്ശേരിയുടെ സൃഷ്ടികള്‍ ലോക്ഡൗണ്‍ കാലത്ത് ശ്രദ്ധനേടുന്നു. സമകാലിക വിഷയങ്ങളില്‍ ഒട്ടനവധി രചനകള്‍ നടത്തിയ ഇവരുടെ വരികളില്‍, ഉപജീവന മാര്‍ഗം തേടി വന്നിറങ്ങിയ വിദേശികളുടെ സന്തോഷവും സന്താപവും കിനാവുകളും നെഞ്ചിടിപ്പിന്റെ കഥകളും ഒളിഞ്ഞിരിക്കാറുണ്ട്. കവിതയും കഥയും ലേഖനവും അനുഭവക്കുറിപ്പും മാപ്പിളപ്പാട്ടു രചനയും കൊണ്ട് പ്രവാസി ഹൃദയങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തിയ യുവ സാഹിത്യകാരികൂടിയാണിവര്. നിരവധി ആനുകാലികങ്ങളില്‍ സക്കീനയുടെ എഴുത്തിന് ഇടം ലഭിക്കുകയും വായനക്കാരുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പ്രളയ വേളയില്‍ രചിച്ച്, മെഹ്റിന് പാടിയ മഴ തീര്‍ത്ത വഴികള്‍, മുഫ് ലിഹ് പാണക്കാട് ആലപിച്ച ‘വിറച്ചല്ലോ കൈകള്‍, ‘താഇഫ’, ഈ ലോക്ക് ഡൗണ്വേളയില് ലിന്‍സി ബേബി ജിദ്ദ ആലപിച്ച, ‘അസ്സലാമു അലൈകും…’ തുടങ്ങിയ. നിരവധി വരികളും സക്കീന ഓമശ്ശേരിയുടെ സര്‍ഗവൈഭവമാണ്. ഗ്രന്ഥപ്പുര ജിദ്ദയുടെ കവിതാ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്. അറബി കവി ശിഹാബ് ഗാനിമിന്റെ ഖിര്ബിഷത്ത് (കുത്തിവര), അമീര്‍ അസീസിന്റെ ‘സബ് യാദ് രഖാ ജായേഗാ’ (എല്ലാം ഓര്‍ത്തുവെക്കപ്പെടും) എന്നീ കവിതകള്‍ ഇവര്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
ജിദ്ദ ഇസ്്ലാഹി സെന്റര്‍ അധ്യാപികയാണ്. സോഷ്യല്‍ മീഡിയയിലെ സജീവ എഴുത്തുകാരി കൂടിയാണ്. സക്കീന ഓമശ്ശേരിയുടെ പ്രഥമ കവിതാ സമാഹാരമാണ് മരുഭൂമരങ്ങള്‍. മണലെഴുത്തുകള്‍ എന്ന രണ്ടാം കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ്. ഭര്‍ത്താവ്: നാസര്‍ ഉമരി, മക്കള്‍:ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ നബീല്‍, അമാന്‍, റിദ ഖുലൂദ്. 20 വര്‍ഷമായി സൗദിയിലെ ജിദ്ദയില്‍ കുടുംബസമേതം താമസിക്കുന്നു.