സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബസ് സര്‍വീസ് തുടങ്ങി

12
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ബസില്‍ ഓഫീസില്‍ എത്തുന്ന ജീവനക്കാര്‍

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ആസ്ഥാനത്തേക്ക് ബസ് സര്‍വീസ് തുടങ്ങി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ജില്ലാ ഭരണകൂടം ബസ് സൗകര്യം ഏര്‍പ്പെടുത്തിയത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലിക്ക് എത്താനാവാതിരുന്ന നിരവധി പേര്‍ക്ക് ഇതാശ്വാസമായി. ആദ്യദിനം 106 പേരാണ് സൗകര്യം പ്രയോജനപ്പെടുത്തിയത്. പയ്യന്നൂര്‍-31, കരിവെള്ളൂര്‍-32, ഇരിട്ടി-9, പാനൂര്‍-8 ശ്രീകണ്ഠപുരം-13, കൂത്തുപറമ്പ്-13 എന്നിങ്ങനെയാണ് ആദ്യദിനം ബസുകളില്‍ യാത്ര ചെയ്തവരുടെ എണ്ണം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. രാവിലെ 8.30ന് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ട ബസ് വൈകിട്ട് അഞ്ചിന് ജീവനക്കാരുമായി തിരികെ യാത്ര തിരിച്ചു. കൂടിയ ചാര്‍ജായി 50 രൂപയും കുറഞ്ഞത് 25 രൂപയുമാണ് ഈടാക്കിയത്.
ഒരേസമയം ബസില്‍ 30 പേര്‍ക്ക് മാത്രമാണ് യാത്രചെയ്യാന്‍ അനുമതി. ബന്ധപ്പെട്ട വകുപ്പുകളുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള സര്‍ക്കാര്‍ ജീവനക്കാരെ മാത്രമാണ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്. ബസ് സര്‍വീസ് ഇന്നലെ വൈകിട്ട് അഞ്ചിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കലക്ടര്‍ ടിവി സുഭാഷ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്, എഡിഎം ഇപി മേഴ്സി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ബസ് സര്‍വീസ് ഇങ്ങനെ
സര്‍വീസ് രാവിലെ 8.30ന് ആരംഭിക്കും. വൈകിട്ട് അഞ്ചുമണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് നിന്നാണ് തിരിക്കുക
1. പയ്യന്നൂര്‍ – പഴയങ്ങാടി വഴി കണ്ണൂര്‍ -ഫോണ്‍: 9961965774.
2. കരിവെള്ളൂര്‍ -തളിപ്പറമ്പ് വഴി കണ്ണൂര്‍-7012977721.
3. ഇരിട്ടി -മട്ടന്നൂര്‍ വഴി കണ്ണൂര്‍-9605747601.
4.പാനൂര്‍ പൂക്കോട്-തലശ്ശേരി വഴി കണ്ണൂര്‍-9747598679.
5.ശ്രീകണ്ഠപുരം- മയ്യില്‍ വഴി കണ്ണൂര്‍ -9645609787
6.കൂത്തുപറമ്പ് – ചക്കരക്കല്‍, താഴെചൊവ്വ വഴി കണ്ണൂര്‍-9446777767.