കോവിഡ് പ്രതിസന്ധി: കനത്ത സാമ്പത്തിക അച്ചടക്ക നടപടികളുമായി സഊദി

127
സഊദി അറേബ്യന്‍ ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ (ഫയല്‍)

ജൂലൈ മുതല്‍ വാറ്റ് 15%

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ശക്തമായ സാമ്പത്തിക അച്ചടക്ക നടപടികളുമായി സഊദി ധനകാര്യ മന്ത്രാലയം. സാമ്പത്തിക മേഖലക്ക് കരുത്ത് പകരാന്‍ വാറ്റ് (മൂല്യ വര്‍ധിത നികുതി) ജൂലൈ ഒന്ന് മുതല്‍ അഞ്ചില്‍ നിന്ന് പതിനഞ്ച് ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. കൂടാതെ, സഊദി പൗരന്മാര്‍ക്ക് നല്‍കി വന്നിരുന്ന ജീവിത ചെലവ് ആനുകൂല്യവും ജൂണ്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കും. സാമ്പത്തിക രംഗത്ത് കരുതലോടെയുള്ള നടപടികള്‍ വിശദമായി പഠിക്കാന്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ എണ്ണ വിപണിയിലുണ്ടായിട്ടുള്ള കനത്ത ഇടിവും ലോക കമ്പോളത്തിലുണ്ടായ ചലനങ്ങളും സഊദി സമ്പദ് ഘടനയിലുണ്ടായ മാറ്റങ്ങളും ശാസ്ത്രീയമായി പഠിച്ച ശേഷമായിരിക്കും സമിതിയുടെ റിപ്പോര്‍ട്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബജറ്റിലുണ്ടാക്കിയ ആഘാതം പരിഹരിക്കാന്‍ കൂടുതല്‍ വായ്പ വാങ്ങാന്‍ സഊദിക്ക് പദ്ധതിയില്ല.
രാജ്യത്തിന്റെ മുഖ്യ വരുമാന സ്രോതസ്സായ എണ്ണക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യം കുറഞ്ഞതും കോവിഡിന്റെ മുന്‍കരുതലായി സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സംരക്ഷണത്തിന് കനത്ത രീതിയില്‍ ചെലവുകളുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതും അപ്രതീക്ഷിതമായ വന്‍ തോതിലുള്ള മറ്റു ചെലവുകളും സാമ്പത്തിക രംഗത്ത് കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ബന്ധതമാക്കിയതായി മന്ത്രി വ്യക്തമാക്കി. രാജ്യം നേരിടുന്ന സാമ്പത്തിക ഭീഷണിയെ കുറിച്ച് കഴിഞ്ഞ ദിവസം മന്ത്രി സൂചന നല്‍കിയിരുന്നു. കര്‍ശനമായ ചെലവ് ചുരുക്കലും പുതിയ ചില വരുമാന മാര്‍ഗങ്ങളും കണ്ടെത്തുകയെന്നതാണ് രാജ്യത്തിന്റെ മുമ്പിലുള്ള പോംവഴിയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു . എണ്ണയുടെ ആവശ്യം കുറഞ്ഞപ്പോള്‍ വിലയും കുത്തനെ ഇടിഞ്ഞത് എണ്ണയുല്‍പാദക രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിച്ചത്. വിപണിയില്‍ അറുപത് ശതമാനത്തോളം വില കുറഞ്ഞപ്പോള്‍ സഊദി ബജറ്റിലെ പ്രതീക്ഷിത വരുമാനത്തില്‍ കനത്ത ഇടിവാണ് സംഭവിച്ചത്.
സഊദിയുടെ ചരിത്രത്തില്‍ ഇന്നേ വരെ ദര്‍ശിക്കാത്ത പ്രതിസന്ധിയാണ് കോവിഡ് സമ്മാനിച്ചത്. ഇതെത്ര കാലം നീണ്ടു നില്‍ക്കുമെന്ന കാര്യത്തില്‍ അവ്യക്തതയുള്ളതിനാലും ഈ വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെയും സാമ്പത്തിക രംഗത്ത് ശക്തമായ നടപടികള്‍ തുടരുമെന്നും മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. നൂറ് ബില്യന്‍ റിയാലിന്റെ ചെലവ് ചുരുക്കല്‍ നടപടികളുമായാണ് ഇപ്പോള്‍ ധനകാര്യ മന്ത്രാലയം മുന്നോട്ട് പോകുന്നത്. വിഷന്‍ 2030 പദ്ധതികളില്‍ ചിലതിന്റെ വിഹിതം വെട്ടിക്കുറക്കും. മറ്റു പ്രവര്‍ത്തന മൂലധന ചെലവുകളും ആനുപാതികമായി ചുരുക്കും.
രാജ്യത്ത് ഇപ്പോള്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ വിഹിതങ്ങളിലും നിയന്ത്രണം വരും. ആരോഗ്യ രംഗത്തെ മുന്‍കരുതല്‍ നടപടികള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരാനാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ ആഹ്വനം ചെയ്തിരുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കഴിയുന്ന വിദേശികളടക്കമുള്ള രാജ്യത്തെ ജനങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എണ്ണയിതര മേഖലകളില്‍ നിന്നുള്ള വരുമാനത്തിലും വലിയ തോതിലുള്ള കുറവ് വന്നതാണ് ഭാവി പദ്ധതികള്‍ കൂടുതല്‍ കരുതലോടെ ആസൂത്രണം ചെയ്യാന്‍ ധനകാര്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. കോവിഡിന്റെ പിടിയിലകപ്പെട്ട് ഗുരുതര പ്രതിസന്ധിയിലായ സ്വദേശികളെ പോലെത്തന്നെ രാജ്യത്തുള്ള പ്രവാസി സമൂഹത്തെയും കാത്തിരിക്കുന്നത് ആശങ്കയുളവാക്കുന്ന കര്‍ശന നടപടികളാകുമെന്നാണ് വിലയിരുത്തല്‍.