ദുബൈ/മക്ക: സഊദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കാനായി റീടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപര്‍ മാര്‍ക്കറ്റിനെ സഊദി ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ജല പദ്ധതിയുടെ നടത്തിപ്പുകാരായ നാഷണല്‍ വാട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് സഊദി അറേബ്യയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈയാഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റര്‍ സംസം കാനുകള്‍ വിതരണം ചെയ്യാനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്. ഇതുപ്രകാരം സഊദി അറേബ്യയിലെ എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും സംസം ജലം ലഭ്യമാകും.
സംസം ജലം വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാറില്‍ ഹറം കാര്യ വകുപ്പിനെ പ്രതിനിധികരിച്ച് നാഷണല്‍ വാട്ടര്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചി. മുഹമ്മദ് അല്‍ മൗകാലിയും ലുലു ജിദ്ദ റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖുമാണ് ഒപ്പുവെച്ചത്. സംസം ജലം വിതരണം ചെയ്യാനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഹറം വകുപ്പ് നിര്‍ദേശമനുസരിച്ച് എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.