സീസണ്‍ നഷ്ടം: പ്രതിസന്ധിയില്‍ നടുവൊടിഞ്ഞ് വ്യാപാരികള്‍

58
കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് ക്രോസ് റോഡിലെ കടകള്‍ തുറന്നപ്പോള്‍

കാസര്‍കോട്: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നടുവൊടിഞ്ഞ് വ്യാപാരികള്‍. ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സീസണ്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുകയാണ് വ്യാപാര സ്ഥാപനങ്ങള്‍. ഒന്നര മാസത്തോളമായി വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചുപൂട്ടിയിട്ട്. അവശ്യ വിഭാഗത്തില്‍പെടുന്ന കടകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചിരുന്നത്. ബാക്കിയുള്ള നൂറുകണക്കിന് കടകളും വാണിജ്യ സ്ഥാപനങ്ങളും ഒന്നരമാസമായി പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്.
ഹോട്ട്‌സ്‌പോട്ടുകള്‍ ഒന്നായി ചുരുങ്ങിയതോടെയാണ് ജില്ലയില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയത്. ഒറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍, ബുക്ക് സ്റ്റാളുകള്‍, മറ്റു ചെറുകിട കടകള്‍ എന്നിവയ്ക്കാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലാണ് തുണിക്കടകളും ചെരുപ്പുകടകളും തുറക്കേണ്ടതെന്നാണ് നിര്‍ദേശം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് തുറക്കേണ്ടത്. അഞ്ചില്‍ കൂടുതല്‍ ജീവനക്കാര്‍ പാടില്ലെന്നും കൂട്ടംകൂടുന്നതിനും വിലക്കുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുകിട കടകള്‍ ഇന്നലെ കാസര്‍കോട് നഗരത്തിലടക്കം തുറന്നിരുന്നു. എന്നാല്‍ ഇളവുകള്‍ നഷ്ടം മാത്രമാണ് ഉണ്ടാക്കുകയെന്നാണ് വ്യാപാരികള്‍ പറയുന്നത്. പൊതുഗതാഗതം തുറക്കാത്തതും പൊലീസ് നിയന്ത്രണവും കാരണം നഗരത്തില്‍ ആളെത്തുന്നില്ല. പിന്നെ കടകള്‍ തുറന്നുവെച്ചിട്ടെന്താണ് കാര്യമെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്.
വ്യാപാര മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇരുട്ടടിയായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ സീസണ്‍ കച്ചവടവും നഷ്ടമായി. റമസാന്‍-പെരുന്നാള്‍ മുന്നില്‍ കണ്ടുള്ള വിപണിയാണ് വ്യാപാരികള്‍ക്ക് ആശ്വാസമേകാറ്. മറ്റുസമയങ്ങളില്‍ താരതമ്യേന കുറഞ്ഞ കച്ചവടം ലഭിക്കാറുള്ള വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ പെരുന്നാള്‍ അടക്കമുള്ള സീസണിലെ കച്ചവടത്തിലാണ് പിടിച്ചുനില്‍ക്കുന്നത്.
എന്നാല്‍ റമസാന്‍ മുഴുവന്‍ ലോക്ക്ഡൗണിലായതോടെ നഷ്ട വര്‍ഷമായി. വിഷുവും ലോക്ക്ഡൗണിലായതും സീസണ്‍ നഷ്ടപ്പെടുത്തി. ഇളവുകളോടെ കട തുറന്നാലും ആളുകളെത്തില്ലെന്ന കാര്യത്തില്‍ ആശങ്കയിലാണ് വ്യാപാരികള്‍.