സേവനം, ജീവിത ചര്യയാക്കി ഇതാ ഇവിടെ ഒരാള്‍

12
പഴയങ്ങാടിയില്‍ ലോക്ക്ഡൗണ്‍ കാല ഡ്യൂട്ടിയിലേര്‍പ്പെട്ട പൊലീസുകാര്‍ക്ക് ചായയും പലഹാരവും നല്‍കുന്ന ശരീഫ്

പ്രയാസ ഘട്ടങ്ങളില്‍ സഹായവുമായെത്തും

കണ്ണൂര്‍: ഭക്ഷണം കിട്ടാതെ ആരും പ്രയാസപ്പെടില്ല. അര്‍ഹരിലേക്ക് അവശ്യ സാധന കിറ്റുമെത്തും. നിയമപാലകരും അനുഭവിച്ചറിഞ്ഞ സ്‌നേഹ കൈനീട്ടത്തില്‍ ഒരു നാടിന്റെ കനിവാകുകയാണ് ശരീഫ്. സഹജീവികളെ സഹായിച്ചും പൊതുപ്രവര്‍ത്തന രംഗത്ത് മാതൃകയായ പിഎം ശരീഫാണ് കര്‍മത്തിലെ പുണ്യം കൊണ്ട് ദേശത്തിനപ്പുറവും പ്രിയപ്പെട്ടവനാകുന്നത്.
ഹര്‍ത്താല്‍ ദിനത്തിലും പൊതുപണിമുടക്കിലും ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്കരികിലേക്കെത്താറുള്ള സേവനം തുടരുന്നു ലോക്ക്ഡൗണ്‍ മൂന്നാം ഘട്ട അവസാനത്തിലും. നഗരം നിശ്ചലമാകുന്ന നേരത്ത് പഴയങ്ങാടിയില്‍ സേവനത്തിന് നിയോഗിക്കുന്ന പൊലീസിനും വഴിയാത്രക്കാര്‍ക്കും അത്താണിയാണ് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി അംഗവും പ്രഭാഷകനുമായ ഈ നേതാവ്.
ലോക്ക്ഡൗണ്‍ ആദ്യത്തില്‍ തന്നെ പ്രയാസത്തിലായ 25 കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള അവശ്യ സാധനങ്ങളെത്തിച്ചും തന്റെ പ്രതിബന്ധതയറിയിച്ചു രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനായ ശരീഫ്. ലോക്ക്ഡൗണ്‍ ആദ്യം മുതല്‍ പഴയങ്ങാടിയില്‍ കൃത്യനിര്‍വഹണത്തിനുണ്ടായിരുന്ന 30ഓളം പൊലീസുകാര്‍ക്ക് രാവിലെയും വൈകുന്നേരവും ചായയും പലഹാരവും എത്തിച്ച് നല്‍കുന്നുണ്ട് ശരീഫ്. മരുന്ന് ഷോപ്പുകള്‍ ഉള്‍പ്പെടെ അവശ്യ സേവന മേഖലയില്‍ ജോലിക്കെത്തുന്നവര്‍ക്കുമുണ്ട് രണ്ട് നേരം ചായയും പലഹാരങ്ങളും. കുടുംബാംഗങ്ങളുടെ സഹകരണവും സാമ്പത്തിക സഹായവുമാണ് സേവന പാതയില്‍ ഈ പൊതുപ്രവര്‍ത്തകന് കരുത്താകുന്നത്.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിറ്റേ ദിവസത്തെ ഹര്‍ത്താല്‍ മുതല്‍ 28 വര്‍ഷമായി പൊലീസിനുള്‍പ്പെടെ ഭക്ഷണമെത്തിക്കുന്നതില്‍ സജീവമാണ് ശരീഫ്. ബസ്സ്റ്റാന്റിന് സമീപത്തെ കുടുംബ വീട് പൊലീസിന് ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള കേന്ദ്രമാണ്. മാടായിയിലെ വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് മുടങ്ങാതെ നിത്യോപയോഗ സാധനങ്ങളെത്തിക്കുന്നതിലും ചികിത്സ ലഭ്യമാക്കുന്നതിലും ശ്രദ്ധാലുവാണ് ശരീഫ്. വലിയ ദൗത്യങ്ങള്‍ സാധ്യമാക്കാന്‍ അബൂദാബി-മാടായി പഞ്ചായത്ത് കെഎംസിസിയാണ് കൂട്ട്.
തീവണ്ടികളില്‍ പാട്ടുപാടി ഉപജീവനത്തിന് വകതേടിയിരുന്ന അന്ധഗായകന്‍ കൃഷ്ണന് കെഎംസിസിയിലൂടെ സ്വന്തം വീട് സാധ്യമാക്കിയത് ശരീഫാണ്. ‘മൂന്ന് ദൈവങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കുന്നു സ്വന്തം വീട് ലഭ്യമാക്കാന്‍ സഹായിച്ച ശരീഫിനെ’ ബൈത്തുറഹ്മയുടെ തണലിലേക്ക് എത്തിച്ച നിമിഷം കൃഷ്ണന്റെ വാക്കുകളായിരുന്നു. ഇങ്ങനെ ഒത്തിരി പേരുടെ പ്രാര്‍ത്ഥനകളാണ് ശരീഫിന് ഊര്‍ജമാകുന്നത്.