ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: ലോകമെമ്പാടുമുളള മുസ്ലിം സഹോദരങ്ങള്‍ സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും കാലമായി അനുഷ്ഠിക്കുന്ന നോമ്പു കാലമാണിത്. പോറ്റമ്മ നാടിന്റെ ആത്മീയ ലോകത്തേക്ക് അന്നത്തിന് വക തേടിയിറങ്ങിയ പ്രവാസികളുടെയും ആതിഥേയ മനസ്സുമായി സ്വീകരിച്ച ഇവിടത്തെ സ്വദേശി ജനതയുടെയും ആതമാര്പ്പണത്തിന്റെയും ചരിത്രം ഏറെ വലുതാണ്. ഈ നാടിന്റെ വളര്‍ച്ചയുടെ പാതയില്‍ ഏറ്റവുമധികം പങ്ക് വഹിച്ചവരുടെ കൂട്ടത്തില്‍ മതനിരപേക്ഷതയുടെ നാട്ടില്‍ നിന്നെത്തിയവരാണ് ഏറെയും. സൗഹാര്‍ദത്തോടെയാണ് സ്വദേശികളോടുള്ള അടുപ്പം നാം കാത്തു സൂക്ഷിക്കുന്നത്.
നോമ്പു കാലത്തിന്റെ സൗമ്യവും ദീപ്തവുമായ അച്ചടക്കം മലയാളികള്‍ അടക്കമുള്ള ഭാരതീയര്‍ കണ്ടു പഠിച്ചത് അറബ് നാടുകളില്‍ നിന്നാണ്. വിശ്വാസി സമൂഹം ഒരിക്കലും മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത രീതിയിലാണ് ഇത്തവണത്തെ റമദാന് വ്രതം ആഗമതായിട്ടുള്ളത്.
കൊറോണയുടെ ഭീതിയില്‍ ജനങ്ങള്‍ക്കെല്ലാം പരസ്പരം അകലം പാലിക്കേണ്ടി വന്നു. പള്ളികള്‍ അടച്ചിടേണ്ടി വന്നതും ഇഫ്താര്‍ കൂടാരങ്ങള്‍ ഇല്ലാതായതും
ഇതാദ്യം.
ഇസ്ലാം മത വിശ്വാസികളല്ലാത്ത ഒരുപാടു പേര് പുണ്യ വ്രതമനുഷ്ഠിക്കുന്നുണ്ട് ഈ റമദാനില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷാജി പുഷ്പാംഗദന് അവരിലൊരാളാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഷാജി വ്രതമെടുക്കുന്നു. തന്റെ സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച ഊര്‍ജമാണ് വ്രതമെടുക്കാന്‍ പ്രേരണയായതെന്ന് ഷാജി പറയുന്നു. പഠന കാലം മുതല്‍ തന്നെ ഈ കൂട്ടുകാരുമായി അത്ര മേല്‍ അടുപ്പമുണ്ടായിരുന്നു. ആ അടുപ്പത്തിന് ജാതിയോ മതമോ ഒന്നും തന്നെ വിഘാതമായില്ല. അതുകൊണ്ടു തന്നെ, സുഹൃത്തുക്കള്‍ നോമ്പെടുക്കുന്ന സമയത്ത് ചില ദിവസങ്ങളിലും താന്‍ അന്ന് നോമ്പെടുത്തിരുന്നുവെന്ന് ഷാജി പറഞ്ഞു. 11 മാസത്തേക്കുള്ള ജീവിത ക്രമം ഒരു മാസത്തെ വ്രത ശുദ്ധിയിലൂടെ ആര്‍ജിച്ചെടുക്കാനുള്ള ത്രീവ്രമായ ആഗ്രഹമാണ് നോമ്പനുഷ്ഠിക്കുന്നതിലൂടെ സാധിക്കുന്നതെന്ന് ഷാജി മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. പണ്ഡിത-പാമര വ്യത്യാസമില്ലാതെയും സ്വദേശി-വിദേശ വിവേചനമില്ലാതെയും ഇവിടത്തെ സമൂഹം എല്ലാവരെയും നോക്കിക്കാണുന്നു. അതിനാല്‍ തന്നെ പ്രവാസികള്‍, പ്രത്യേകിച്ചും മലയാളികള്‍ നോമ്പ് തുറക്കാനുള്ള വിഭവങ്ങളൊരുക്കുന്നതും അതിഥികളെ സ്വീകരിക്കുന്നതുമൊക്കെ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചുവെന്ന് ഷാജി പറഞ്ഞു.
രാത്രി കിടന്നാല്‍ പിന്നെ അത്താഴത്തിന് എഴുന്നേറ്റ് ഭക്ഷണം കഴിച്ചാണ് വ്രതം ആരംഭിക്കാറുള്ളത്. നോമ്പ് തുറക്കുന്നതിലും ഷാജിക്ക് കണിശതയുണ്ട്. ഒറ്റക്കോ ഹോട്ടലില്‍ പോയോ നോമ്പ് തുറക്കാന്‍ ഷാജിയെ കിട്ടില്ല. കൂട്ടുകാരുമൊത്ത് ഒരുമിച്ചിരുന്ന് ഇഫ്താര്‍ നിര്‍വഹിക്കാനാണ് ഷാജി ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ കാലങ്ങളിലെല്ലാം സുഹൃത്തുക്കളോടൊപ്പം ഇഫ്താര്‍ കൂടാരങ്ങളിലായിരുന്നു ഷാജിയുടെ നോമ്പുതുറ. യുഎഇയിലെ ഏറ്റവും വലിയ കലാ കൂട്ടായ്മയായ ആര്‍ട്സ്മേറ്റ്സ് യുഎഇയുടെ സ്ഥാപകന്‍ കൂടിയാണിദ്ദേഹം.
ഈ കോവിഡ് കാലത്ത് ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് തന്റെ കൂട്ടായ്മ വഴിയും സ്വന്തം നിലക്കും നിരവധി സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട് ഷാജി. ഈ റമദാനില്‍ ഇഫ്താര്‍ കൂടാരങ്ങളില്ലാതായപ്പോള് പലരും നോമ്പുതുറക്ക് പ്രയാസപ്പെടുന്നുവെന്നറിഞ്ഞ് റാസല്‍ഖൈമയിലെ വിവിധ മേഖലകളില്‍ എല്ലാ ദിവസവും തന്റെ ഒരു സുഹൃത്ത് ഏര്‍പ്പാട് ചെയ്ത ഭക്ഷണം അജ്മാനില്‍ നിന്ന് എത്തിച്ചു നല്‍കിയാണ് ഷാജി സുഹൃത്തുമായി നോമ്പ് തുറക്ക് ഇരിക്കാറുള്ളത്. അങ്ങനെ, നീണ്ടു പോകുന്നു ഷാജിയിലെ നന്മകള്.
ഷാജിയുടെ നോമ്പനുഷ്ഠാനത്തിന് ഭാര്യ സിന്ധു പൂര്‍ണ പിന്തുണ നല്കുന്നു. മകള്‍: ആതിര. പരേതരായ പുഷ്പാംഗദന്-രാധ ദമ്പതികളുടെ മകനായ ഷാജി റാസല്‍ഖൈമയില്‍ സ്പാര്ക് സെക്യൂരിറ്റി കമ്പനി ജീവനക്കാരനാണ് ഷാജി.
