ദുബൈ: ഷാര്‍ജ അല്‍നഹ്്ദയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. താമസക്കാരെ ഷാര്‍ജ പൊലീസിന്റെ മേല്‍നോട്ടത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം അറിയാന്‍ ഫോറന്‍സിക് സംഘം വിശദമായ പരിശോധനയിലാണ്. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ അബ്‌കോ ടവറിലുണ്ടായ അഗ്നിബാധയില്‍ എല്ലാവരും ആശങ്കാകുലരായിരുന്നു. രാത്രി ഏറെ വൈകാതെയാണ് തീപിടിത്തമുണ്ടായത്. ആരും ഉറങ്ങിയിരുന്നില്ല. ഇക്കാരത്താല്‍ എല്ലാവര്‍ക്കും കെട്ടിടത്തിന് പുറത്തേക്ക് വരാന്‍ കഴിഞ്ഞു. എല്ലാവരെയും ഭയപ്പെടുത്തുന്ന വിധത്തിലായിരുന്നു പിന്നീട് തീ ആളിപ്പടര്‍ന്നത്. കെട്ടിടം പൂര്‍ണമായും കത്തിയമരുന്ന മട്ടിലായിരുന്നു അഗ്നിനാളങ്ങള്‍ ഉയര്‍ന്നിരുന്നത്. 49 നിലകളുള്ള കെട്ടിടത്തില്‍ നിന്നും വളരെ പ്രയാസപ്പെട്ടാണ് സിവില്‍ ഡിഫന്‍സ് ആളുകളെ ഒഴിപ്പിച്ചത്. എമിറേറ്റില്‍ നിരോധിച്ചിട്ടുള്ള എളുപ്പത്തില്‍ തീപിടിക്കുന്ന അലുമിനിയം ക്ലാഡിംഗ് ഘടിപ്പിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സാമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു. ഏഴ് നിലകള്‍ക്ക് മുകളിലുള്ള കെട്ടിടത്തില്‍ ഇത്തരം ക്ലാഡിംഗ് ഉപയോഗിക്കാന്‍ പാടില്ലെന്ന് 2016ല്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അബ്‌കോ ടവര്‍ നിര്‍മിച്ചത് 2006ലായിരുന്നു. ഫയര്‍ എഞ്ചിന് എത്തിപിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ തീപിടിക്കു്ന്ന അലൂമിനിയം ക്ലാഡിംഗ് ഉപയോഗിക്കാന്‍ ഇപ്പോള്‍ അനുമതിയില്ല. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കെട്ടിടങ്ങളില്‍ നിന്നും തീപിടിക്കുന്ന വസ്തുക്കള്‍ മാറ്റുന്നുണ്ട്. തീപിടിത്തത്തിന് ഇത് കാരണമാകുന്നില്ലെങ്കിലും ക്ലാഡിംഗ് പെട്ടെന്ന് തീപടരാന്‍ ഇത് സഹായിക്കുന്നു. അബ്‌കോ ടവറിന്റെ പത്താം നിലയില്‍ നിന്നാണ് തീപിടിച്ചത്. അത് ഉയരങ്ങളിലേക്ക് പടരുകയായിരുന്നു.