തിരുന്നാവായ: ലോകം ചുറ്റി കപ്പലില്‍ ജോലി ചെയ്ത ഓര്‍മകള്‍ പുതുക്കിയെടുക്കുകയാണ് തിരുന്നാവായ മുട്ടിക്കാട് സ്വദേശി പാത്തിക്കല്‍ മൊയ്തീന് കുട്ടി ഹാജി എന്ന 72കാരന്. ഏഴ് വന്‍കരകളിലായി ലോകത്തെ തൊണ്ണൂറ് ശതമാനം രാജ്യങ്ങളില്‍ മൂന്നര പതിറ്റാണ്ടുകാലം കപ്പലില്‍ യാത്ര ചെയ്ത ഓര്‍മകള്‍ ഓര്‍ത്തെടുക്കുകയാണ്. ഇ.എസ്.എസ്.എല്‍.സി പഠനത്തിന് ശേഷം 1954ല്‍ മുംബൈയിലെത്തിയ മൊയ്തീന്‍കുട്ടി എന്ന ചെറുപ്പക്കാരന് തൊഴിലന്വേഷിച്ചു നടക്കുന്ന കാലമായിരുന്നു. ചെറുതും വലുതുമായ തൊഴിലുകള്‍ ചെയ്തു ജീവിതം തള്ളിനീക്കുന്നതിനിടയില് ആ വാര്‍ത്ത മൊയ്തീന്‍കുട്ടിയുടെയും സുഹൃത്തുക്കളുടെയും ചെവിയിലുമെത്തി. 1963ല്‍ കേന്ദ്ര സര്‍ക്കാറിന്റെ മര്‍ച്ചന്റ് നേവിയുടെ കപ്പലുകളിലേക്ക് ജോലിക്കാരെ എടുക്കുന്ന കാര്യം.
മൊയ്തീന്‍കുട്ടിയും സുഹൃത്തുക്കളും മുംബൈയിലെ മര്‍ച്ചന്റ് നേവിയുടെ ഓഫീസിലെത്തി. തികച്ചും പട്ടാള ചിട്ടയിലായിരുന്നു ജോലിക്കാരെ തെരഞ്ഞടുത്തിരുന്നത്. പതിനെട്ടിനും ഇരുപത്തിനാലിനും പ്രായമധ്യേയുളള യുവാക്കളെയായിരുന്നു നേവി ജോലിക്കായി തെരഞ്ഞെടുത്തത്. ആദ്യ ബാച്ചില്‍ തെരഞ്ഞടുക്കപ്പെട്ട യുവാക്കളില്‍ മൊയ്തീന്കുട്ടിയുമുണ്ടായിരുന്നു. വിശാഖപട്ടണത്തിലെ മൂന്നു മാസത്തെ പരിശീലനത്തിനു ശേഷം തിരിച്ചെത്തിയ മൊയ്തീന് കുട്ടി ബ്രിട്ടീഷുകാരനായ ജോണ്സന് ക്യാപ്റ്റനായ ജലകേറ്റുയെന്ന കപ്പലിലാണ് ആദ്യമായി ജോലിക്ക് കയറിയത്. തുടക്കത്തില്‍ മൂന്നു തരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന മൊയ്തീന് കുട്ടി ചുരിങ്ങിയകാലം കൊണ്ട് കപ്പലോട്ടാനും പഠിച്ചു. ജലകേറ്റു, ജലദര്ധി, നാല്ക്കജയന്തി, ജലപരാക്ക തുടങ്ങിയ 25 ഓളം കപ്പലുകളിലായി ജോലിചെയ്തു. ഏഴ് വന്‍കരകളിലായി 90 ശതമാനത്തിലധികം രാജ്യങ്ങളില്‍ കപ്പല്‍ മാര്‍ഗം സഞ്ചരിച്ച ഇദ്ദേഹം വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളെ തൊട്ടറിഞ്ഞു. 36 വര്‍ഷത്തെ ജോലിക്കിടയില്‍ സമുദ്രങ്ങള്‍ താണ്ടിയുളള ഓരോ കപ്പല്‍ യാത്രയും ദിവസങ്ങളോളം പിന്നിടുന്നതായിരുന്നു.
സൂയിസ് കനാലിനുവേണ്ടി ഇസ്രാഈലും ഈജിപ്തും തമ്മിലുണ്ടായ യുദ്ധത്തെതുടര്‍ന്ന് ശ്രീലങ്കയില്‍ നിന്നും കാനഡയിലേക്കുള്ള യാത്രയാണ് മൊയ്തീന്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര കപ്പല്‍ യാത്ര. സുപ്രദിശ മുനമ്പ് ചുറ്റിയാണ് ഒന്നര മാസത്തിന് ശേഷം ചരക്കുകപ്പല്‍ കാനഡയില്‍ എത്തിചേര്‍ന്നത്. രത്നഗിരി സ്വദേശിയായ ഇബ്രാഹിം കുട്ടി കപ്പല്‍ യാത്രക്കിടെ അസുഖ ബാധിതനായി അമേരിക്കയിലെ ചിക്കാഗോയില്‍ വെച്ച് മരണമടയുകയും മുസ്ലിം ആചാരപ്രകാരമുളള കര്‍മങ്ങള്‍ക്ക് ശേഷം ക്രിസ്ത്യന്‍ സെമിത്തേരിയില്‍ അടക്കം ചെയ്തതും, 1967ല്‍ ആന്ധ്രയിലും ചെന്നൈയിലെ മറീന ബീച്ചിലുമുണ്ടായ കൊടുങ്കാറ്റില്‍ കമ്പനിയുടെ ജലഗംഗ എന്ന കപ്പലും ചൈനയുടെ മറ്റൊരു ചരക്ക് കപ്പലും തകര്‍ന്നതും നാല്‍പ്പതോളം ആളുകള്‍ക്ക് ജീവന് നഷ്ടമായതും ഇന്നലകളില്‍ കടന്നുപോയ ഓര്‍മകളാണ് ഇദ്ദേഹത്തിന്. ഒഴിവുവേളകളില്‍ സമുദ്രത്തില്‍ നിന്ന് കപ്പിത്താന്മാര്ക്കൊപ്പം മീന്‍ പിടിക്കുന്നത് ഒരു ഹരമായിരുന്നു മൊയ്തീന്‍കുട്ടിക്ക്. 151 ഇന്ത്യന്‍ രൂപയാണ് ആദ്യ കാലങ്ങളില്‍ മാസംതോറും ലഭിച്ചിരുന്നത്. ഒന്‍പത് മാസത്തിലധികം ഒരേ കപ്പലില്‍ ജോലിചെയ്യാന്‍ നിയമം അനുവദിക്കാതിരുന്നത് മൂലം കാര്യമായ ആനുകൂല്യങ്ങള്‍ ലഭ്യമായില്ല. ഒരോ തസ്തികയിലും മൂന്നു വര്‍ഷം ജോലി ചെയ്യണമെന്നാണ് നിയമം.
1999 ല്‍ ജോലിയില്‍നിന്ന് റിട്ടയര്‍മെന്റെ് ചെയ്ത മൊയ്തീന് കുട്ടിക്ക് 200 രൂപയാണ് കേന്ദ്ര തുറമുഖ വകുപ്പില്‍ നിന്നും പെന്‍ഷനായി ലഭിക്കുന്നത്. കപ്പല്‍ യാത്രക്കും ജോലിക്കും കാരണമായത് സൂഫിവര്യനായ തേനു മുസ്ലിയാര് കൂരിയാടാണെന്ന് മൊയ്തീന്‍കുട്ടി ഹാജി ഇന്നും വിശ്വസിക്കുന്നു. നാട്ടിലുണ്ടായിരുന്ന കാലത്ത് എട്ട് മാസത്തോളം തേനുട്ടി മുസ്ലിയാരുടെ പരിചാരകനായി സേവനം ചെയ്യുന്ന കാലത്ത് മൊയ്തീന്‍കുട്ടി ജോലി അന്വേഷിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ നിനക്ക് കടലിലും കരയിലും ധാരാളം ജോലിയുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ഹാജി ഓര്‍ക്കുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകനായ ഹാജി ഇപ്പോഴും അധ്വാന ശീലനാണ്.