കോവിഡ് ബാധിതര്‍ക്ക് തണലായി ഷാര്‍ജ-ഇരിക്കൂര്‍ മണ്ഡലം കെഎംസിസി

‘വിളിക്കാന്‍ മടിക്കരുത്, ഞങ്ങളുണ്ട് കൂടെ…’

ഷാര്‍ജ: കോവിഡ് 19 ബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഷാര്‍ജ-ഇരിക്കൂര്‍ മണ്ഡലം കെഎംസിസി മുന്നേറുന്നു. ഷാര്‍ജയിലും സമീപ പ്രദേശങ്ങളിലുമുള്ള കോവിഡ് 19 ബാധിതര്‍ക്ക് ദേശ-ഭാഷാ വ്യത്യാസമില്ലാതെ എല്ലാ വിധ സഹായങ്ങളുമെത്തിച്ചാണ് ഈ മുന്നേറ്റം സാധ്യമായിരിക്കുന്നത്.
കോവിഡ് 19 പോസിറ്റീവ് ആണെന്നറിഞ്ഞ് ഭയം മൂലം പരിഭ്രമിച്ചിരിക്കുമ്പോള്‍ ഒരു ഫോണ്‍ വിളിക്കപ്പുറത്ത് അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളുമായി കാത്തിരിക്കുകയാണ് മണ്ഡലം കെഎംസിസിയുടെ ഹെല്‍പ് ഡെസ്‌ക്. ഹെല്‍പ് ഡെസ്‌കിലേക്ക് വരുന്ന പോസിറ്റീവ് കേസുകള്‍ റാഷിദ് സീരകത്ത്, അബ്ദുല്‍ സലാം ചെങ്ങളായി, സ്വാബീഹ് ശ്രീകണ്ഠാപുരം എന്നിവര്‍ രജിസ്റ്റര്‍ ചെയ്യുന്നു. മണ്ഡലം ജന.സെക്രട്ടറിയും ഹെല്‍പ് ഡെസ്‌ക് ഒഫീഷ്യലുമായ ഇര്‍ഷാദ് ഇരിക്കൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി മുഹമ്മദ് അലി എന്നിവര്‍ക്ക് അയക്കും. അവര്‍ മുഖേയാണ് ഗവണ്‍മെന്റ് ഹെല്‍ത് അഥോറിറ്റിയുടെ ഐസൊലേഷനിലേക്കും മറ്റു സ്വകാര്യ ഹോസ്പിറ്റല്‍ ഐസൊലേഷനിലേക്കും മാറ്റുന്നത്. ഇതുകൊണ്ട് തീരുന്നില്ല ഇവരുടെ പ്രവര്‍ത്തനം. ഹോം ക്വാറന്റീനിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ ഉപദേശ-നിര്‍ദേശങ്ങള്‍ 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് ഉറപ്പു വരുത്തുന്നു. ഹോം ക്വാറന്റീനിലേക്ക് ഭക്ഷണവും പാനീയവും എത്തിച്ചു കൊടുക്കുന്നത് ജാസിര്‍ ഇരിക്കൂറും ഷബീര്‍ ഇരിക്കൂറും ചേര്‍ന്നാണ്. ഇത്തരത്തില്‍, കോവിഡ് 19 പോസിറ്റീവായ ഒരു വ്യക്തിയുടെ ആദ്യം മുതല്‍ അവസാനം നെഗറ്റീവ് റിസള്‍ട്ടുമായി പുറത്തിറങ്ങി ജോലിക്ക് പോകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സമയ ബന്ധിതമായി നിര്‍വഹിച്ച് കോവിഡ് ബാധിതര്‍ക്ക് തണലായി മാറുകയാണ് ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി.
ഹെല്‍പ് ഡെസ്‌കിനാവശ്യമായ എല്ലാ വിധ-ഉപദേശ നിര്‍ദേശങ്ങളുമായി സംസ്ഥാന സെക്രട്ടറിയും മണ്ഡലം രക്ഷാധികാരിയുമായ ബഷീര്‍ ഇരിക്കൂറും മണ്ഡലം പ്രസിഡന്റ് കെ.പി ഷഹീര്‍ ശ്രീകണ്ഠാപുരവും മറ്റു മണ്ഡലം ഭാരവാഹികളും 24 മണിക്കൂറും കര്‍മനിരതരായി ഒപ്പമുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുകയോ സംശയമുണ്ടാവുകയോ ചെയ്താല്‍ ടെസ്റ്റിനാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും റിസള്‍ട്ട് പോസിറ്റീവായവര്‍ക്ക് മനോധൈര്യം നല്‍കി ഐസൊലേഷനിലേക്കയക്കുകയും ചെയ്യുന്നു. തുടക്കം മുതല്‍ ഇന്ന് വരെ ഊണും ഉറക്കവും ഒഴിവാക്കി ഏത് നേരവും സേവന തത്പരരായ വളണ്ടിയര്‍മാര്‍ ആളുകളിലേക്കെത്തുന്നു. ഷാര്‍ജയിലെ മറ്റു സന്നദ്ധ സംഘടനകല്‍ വഴി വരുന്ന കേസുകള്‍ ഏകോപിപ്പിച്ച് ദിനേന നൂറുകണക്കിനാളുകള്‍ ഹെല്‍പ് ഡെസ്‌ക് ഉപയോഗപ്പെടുത്തുന്നു. ഇത്തരം കേസുകള്‍ ക്രോഡീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പ്രവര്‍ത്തനവുമായി സുഹൈല്‍ കൂരാരിയും കര്‍മ രംഗത്ത് സജീവമാണ്.