ഷാര്‍ജ കെഎംസിസിയുടെ ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം: ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍

159
ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ ഷാര്‍ജ കെഎംസിസിയില്‍

ഷാര്‍ജ: കോവിഡ് 19 കാലത്തെ ഷാര്‍ജ കെഎംസിസിയുടെ ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമെന്ന് ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ അഭിപ്രായപ്പെട്ടു. ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലത്തിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ റമദാനില്‍ വിഭവ സമൃദ്ധമായ ഇഫ്താറുകള്‍ വര്‍ഷങ്ങളായി നിര്‍വഹിച്ചു വരികയാണ് ഷാര്‍ജ കെഎംസിസി. കഴിഞ്ഞ വര്‍ഷം ഷാര്‍ജ ലേബര്‍ സ്റ്റാന്റാര്‍ഡ്‌സ് ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ സഹായത്തോടെ പതിനായിരങ്ങള്‍ക്കായിരുന്നു റോളയില്‍ ഇഫ്താര്‍ ഒരുക്കിയത്. എന്നാല്‍, ഇത്തവണ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി എവിടെയും ഇഫ്താര്‍ ടെന്റുകളില്ല. ഇവിടെയും പകച്ചു നില്‍ക്കാതെ കെഎംസിസി തങ്ങളുടെ സേവന ദൗത്യവുമായി മുന്നോട്ട് തന്നെയാണ്. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടും കടകള്‍ തുറക്കാനാവാതെയും അനേകം പേര്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ പ്രയാസപ്പെട്ടു കഴിയുകയാണ്. അവരിലേക്ക് ഇഫ്താര്‍ കിറ്റുകളുമായി എത്തുകയാണ് ഷാര്‍ജ കെഎംസിസി പ്രവര്‍ത്തകര്‍. ഉദാരമതികളുടെ നിര്‍ലോഭ സഹകരണത്തോടെ ആയിരത്തോളം പേര്‍ക്കാണ് കിറ്റ് നല്‍കുന്നത്. നേരത്തെ, ടെന്റില്‍ വിളമ്പിയിരുന്ന അതേ ബിരിയാണിയും പഴങ്ങളും ജ്യൂസുമൊക്കെ കിറ്റിലുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇത് തയാര്‍ ചെയ്യാനായി കെഎംസിസി പ്രവര്‍ത്തകന്‍ തായില്‍ നാസര്‍ തന്റെ ഹോട്ടല്‍ തന്നെ വിട്ടു നല്‍കിയിരിക്കയാണ്. ക്യത്യം 5 മണിക്ക് പാക്കിംഗ് പൂര്‍ത്തിയാക്കി വാഹനങ്ങളിലായി താമസയിടങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. രോഗ ഭയമുള്ള മേഖലകളില്‍ പോലും കിറ്റുകളെത്തിക്കാന്‍ സധൈര്യം ഷാര്‍ജയിലെ സാധാരണക്കാരായ കെഎംസിസി പ്രവര്‍ത്തകരും ഒപ്പം നിര്‍ദേശങ്ങളുമായി നേതാക്കളും സര്‍വസജ്ജരായി അക്ഷീണം പ്രവര്‍ത്തിക്കുന്നു. കോവിഡ് രോഗബാധ ഗള്‍ഫ് മേഖലയെ പിടിമുറുക്കിയ ആദ്യ ഘട്ടത്തില്‍ തന്നെ സേവന പ്രവര്‍ത്തനവുമായി ഷാര്‍ജ കെഎംസിസി സജീവമായിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി കടകളടച്ച് റൂമുകളില്‍ തിങ്ങിത്താമസിക്കേണ്ടി വന്ന റോളയിലും പരിസരത്തുമുള്ള നൂറുകണക്കിനാളുകള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും ഒരു മാസത്തേക്കാവശ്യമായ ഭക്ഷണ കിറ്റുകള്‍ നല്‍കിയായിരുന്നു കോവിഡ് സേവന പ്രവര്‍ത്തനങ്ങളുടെ തുടക്കം. പ്രസ്തുത വിഭവ വിതരണം ഇപ്പോഴും തുടരുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ഒപ്പം, പോസിറ്റീവായ നിരവധി രോഗികളെ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റാനും കെഎംസിസി ഹെല്‍പ് ഡെസ്‌കും വളണ്ടിയര്‍ ടീമും രാപകല്‍ കഠിനാധ്വാനം ചെയ്യുകയാണ്. സ്ഥിരം മരുന്ന് കഴിക്കുന്ന നിത്യരോഗികള്‍ക്ക് അവ എത്തിച്ചു കൊടുത്തും നിലക്കാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ മുന്നേറുകയാണ് ഈ സംഘം. ദൈവ പ്രീതിയല്ലാതെ മറ്റൊന്നും ഇവരാഗ്രഹിക്കുന്നില്ല. ഇഫ്താര്‍ വിതരണ വേളയില്‍ അര്‍ഹരുടെ നീണ്ട നിര കാണുമ്പോള്‍ അവര്‍ക്ക് മുഴുവനായും എത്തിക്കാന്‍ സാധിക്കാത്തതിലുള്ള പ്രയാസം തങ്ങളെ അലട്ടുന്നുവെന്ന് വിതരണ സംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ പറഞ്ഞു. ഏതായാലും, ഈ സന്ദിഗ്ധ ഘട്ടത്തിലും ഏറെ പ്രയാസം നേരിട്ടാണെങ്കിലും മുടക്കമില്ലാതെ കഴിഞ്ഞ 16 ഇഫ്താറുകള്‍ നല്‍കിയ സംതൃപ്തിയിലാണിവര്‍.