ഷാര്‍ജ: കോവിഡ് 19 പശ്ചാത്തലത്തില്‍ താത്കാലികമായി അടച്ചിട്ടിരുന്ന ഷാര്‍ജയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. കൃത്യമായ ആരോഗ്യ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയും പ്രതിരോധ നടപടികള്‍ ഉറപ്പു വരുത്തിയുമാണ് ഷാര്‍ജ നിക്ഷേപ വികസന അഥോറിറ്റിയുടെ (ശുറൂഖ്) നേതൃത്വത്തിലുള്ള കേന്ദ്രങ്ങള്‍ അതിഥികള്‍ക്കായി തുറന്നത്. അല്‍നൂര്‍ ഐലന്‍ഡ്, മലീഹ ആര്കിയോളോജികല് സെന്റര്‍, അല്‍ഖസ്ബ, അല്‍മജാസ് വാട്ടര്‍ ഫ്രണ്ട്, ഫ്ളാഗ് ഐലന്‍ഡ്, ഹാര്‍ട്ട് ഓഫ് ഷാര്‍ജ, ഖോര്ഫക്കാന് ബീച്ച്, മറായ ആര്‍ട് സെന്റര്‍ തുടങ്ങിയ പ്രവാസികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടങ്ങളെല്ലാം വീണ്ടും അതിഥികളെ സ്വാഗതം ചെയ്ത് തുടങ്ങിയിട്ടുണ്ട്.യുഎഇ സര്‍ക്കാറിന്റെ ആരോഗ്യ സുരക്ഷാ പ്രൊട്ടോകോളുകള്‍ കൃത്യമായി പാലിച്ചാണ് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം. അതിഥികളുടെ എണ്ണത്തിലെ നിയന്ത്രണം, വരുന്നവരുടെ താപനില പരിശോധന, കൃത്യമായ സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസേഷന്‍ സൗകര്യങ്ങള്‍, മാസ്കുകള്‍, കയ്യുറകള്‍ തുടങ്ങി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ ശുറൂഖ് കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. അതിഥികളുടെ സുരക്ഷക്ക് പ്രാമുഖ്യം നല്‍കിയാണ് ഓരോ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഈയിടങ്ങളിലെല്ലാം ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഓരോ മണിക്കൂറിലും സാനിറ്റൈസേഷന്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തി വിനോദ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ശുറൂഖ് കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഭക്ഷണ ശാലകളിലും അതിഥികളുടെ എണ്ണം 30 ശതമാനമായി പരിമിതപ്പെടുത്തും.
സാമൂഹിക അകലം ഉറപ്പു വരുത്താന്‍ വേണ്ടിയാണിത്. കൂടാതെ, വരുന്നവരുടെയെല്ലാം താപനില പരിശോധിക്കുന്ന തെര്‍മല്‍ സ്കാനിംഗ് സംവിധാനം, സെല്‍ഫ് സാനിറ്റൈസേഷന്‍ ഗേറ്റ്, കൃത്യമായ ഇടവേളകളില്‍ അണുനശീകരണ പ്രവര്‍ത്തനം തുടങ്ങി മറ്റു പ്രതിരോധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ദേശീയ സുരക്ഷാ നയത്തിന്റെ ഭാഗമായി 50 വയസ് പിന്നിട്ടവര്‍ക്കും 12 വയസിന് താഴെയുള്ളവര്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഭക്ഷണ ശാലകളിലേക്കും പ്രവേശനം അനുവദിക്കില്ല. മാസ്ക് ധരിക്കാത്തവരെയും പ്രവേശിപ്പിക്കില്ല.
”ജീവനക്കാരുടെയും അതിഥികളുടെയും സുരക്ഷക്ക് ഏറ്റവും പ്രാധാന്യം നല്‍കിയാണ് ശുറൂഖ് വിനോദ കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ഏറ്റവും മികച്ച പ്രതിരോധ-ആരോഗ്യ സുരക്ഷാ നടപടികള്‍ ഇവിടങ്ങളില്‍ കൈക്കൊണ്ടിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ള സജ്ജീകരണങ്ങള്‍ ഉറപ്പു വരുത്തുന്നതോടൊപ്പം വന്നെത്തുന്ന അതിഥികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളുമുണ്ട്. ആസ്വാദനത്തോടൊപ്പം ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. പരസ്പരം സഹകരിച്ചും അവരവരുടെ സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുത്തും അതിഥികളും ഈ ശ്രമത്തില്‍ പങ്കാളികളാകുമെന്ന വിശ്വാസത്തിലാണ് കേന്ദ്രങ്ങള്‍ വീടും തുറന്നത്” -ശുറൂഖ് ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ അഹ്മദ് ഉബൈദ് അല്‍ഖസീര്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലം കൂടുതല്‍ വര്‍ണാഭമാക്കാന്‍ ആഡംബര ഹോട്ടലുകള്‍
വിനോദ കേന്ദ്രങ്ങള്‍ക്ക് പുറമെ ശുറൂഖിന്റെ നേതൃത്വത്തിലുള്ള ആഡംബര ഹോട്ടലുകളും അതിഥികള്‍ക്കായി വാതില്‍ തുറന്നിട്ടുണ്ട്. പൈതൃക കാഴ്ചകളാല്‍ സമ്പന്നമായ ഷാര്‍ജ നഗര മധ്യത്തിലെ ചെടി അല്‍ ബയ്ത്, പ്രകൃതി കാഴ്ചകളും തനത് ഇമാറാത്തി ആതിഥേയത്വവും സമ്മേളിക്കുന്ന അല്ബദയാര് റിട്രീറ്റ്, കല്‍ബ കിംഗ് ഫിഷര്‍ റിട്രീറ്റ്, അല്‍ഫായ റിട്രീറ്റ് എന്നിവിടങ്ങളില്‍ ആകര്‍ഷകമായ പാക്കേജുകളും പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.
തെര്‍മല്‍ സ്ക്രീനിംഗ്, സാനിറ്റൈസേഷന്‍ തുടങ്ങി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇവിടെയും ഒരുക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിലും റൂമുകളിലുമെല്ലാം കൃത്യമായ ഇടവേളകളില്‍ അണുനശീകരണ പ്രവര്‍ത്തനം ഉറപ്പു വരുത്തിയിട്ടുണ്ട്. നിശ്ചിത അകലങ്ങളില്‍ ഇരിപ്പിടങ്ങള്‍ സജീകരിച്ചത് മുതല്‍ വാതില്‍ പിടികളും ലിഫ്റ്റ് സ്വിച്ചുകളും അണുവിമുക്തമാണ് എന്നുറപ്പാക്കുന്നതടക്കം വിപുലമായ സുരക്ഷാ-പ്രതിരോധ നടപടികള്‍ ജീവനക്കാര്‍ കൈക്കൊള്ളുന്നു. ഹോട്ടലുകളില്‍ പ്രവേശനത്തിന് പ്രായാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഇല്ല.