യാത്രാ സൗകര്യമില്ലാതെ കുട്ടികള്‍ വലഞ്ഞു

8
എസ്എസ്എല്‍സി പരീക്ഷയ്ക്കെത്തിയ ബദിയടുക്ക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

പലരും സ്‌കൂളിലെത്തിയത് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ

കാസര്‍കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് മുതല്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും കാസര്‍കോട് ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നെങ്കിലും ആദ്യദിനം തന്നെ പലതും പാളി.
വിദ്യാര്‍ത്ഥികളെ യഥാസമയം സ്‌കൂളിലെത്തിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്തവും സ്‌കൂള്‍ അധികാരികള്‍ക്കാണ് നല്‍കിയത്. എന്നാല്‍ പരീക്ഷ നടത്തിപ്പിനൊപ്പം ഇതുംകൂടി ചുമതലയായതോടെ പ്രധാന അധ്യാപകര്‍ അടക്കമുള്ളവര്‍ അങ്കലാപ്പിലായി. ഇതോടെ വീട്ടില്‍ വാഹന സൗകര്യമില്ലാത്ത കുട്ടികളെ പലേടത്തും രാഷ്ട്രീയ സന്നദ്ധ സംഘടനകളാണ് നിര്‍ദേശങ്ങള്‍ പാലിച്ച് സ്‌കൂളിലെത്തിച്ചത്.
വീട്ടില്‍ വാഹന സൗകര്യമില്ലാത്തവരെ സ്‌കൂള്‍ ബസുകളിലും മറ്റുമായി എത്തിക്കേണ്ട ഉത്തരവാദിത്തം സ്‌കൂള്‍ അധികാരിയായ ഹെസ്മാസ്റ്റര്‍ക്കും പ്രിന്‍സിപ്പലിനുമാണ്. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളില്ലാത്തതിനാല്‍ പലേടത്തും സ്‌കൂള്‍ അധികാരികള്‍ക്ക് കൈമലര്‍ത്തേണ്ടി വന്നു. ചില ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളും ചില സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ബസ് സര്‍വീസ് നടത്താത്ത മേഖലകളില്‍ നിന്നും ഓട്ടോറിക്ഷകളിലും സ്‌കൂളിലെത്തിയിരുന്ന വിദ്യാര്‍ത്ഥികളാണ് വാഹനസൗകര്യമില്ലാതെ വലഞ്ഞത്. ഇവരെ അതാത് പ്രദേശങ്ങളിലെ എംഎസ്എഫ് അടക്കമുള്ള രാഷ്ട്രീയ സന്നദ്ധ സംഘടനകളും ക്ലബുകളും സ്വകാര്യ വാഹനങ്ങളില്‍ സ്‌കൂളിലെത്തിക്കുകയായിരുന്നു.
ഇന്ന് പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകളും കൂടിയാവുന്നതോടെ ഗതാഗത സംവിധാനത്തിന് കൃത്യമായ ക്രമീകരണമുണ്ടാക്കണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വസ്ഥമായി പഠിച്ചു പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളെ യാത്രയുടെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തുകയാണ് സര്‍ക്കാറും ജില്ലാ ഭരണകൂടവും ചെയ്തതെന്ന് എംഎസ്എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കാസര്‍കോട് ജില്ലയിലെ 266 വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയിലുണ്ടായിരുന്നത്. ഇതില്‍ 236 പേരും തലപ്പാടി അതിര്‍ത്തി വഴി ജില്ലയിലെത്തി പരീക്ഷയെഴുതി. ജില്ലയിലെ കര്‍ണാടക സ്വദേശികളായ 30 പേര്‍ പരീക്ഷയെഴുതാന്‍ എത്തിയില്ല.
ഹയര്‍ സെക്കന്ററി പരീക്ഷയെഴുതേണ്ട ജില്ലയിലെ 204 വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയിലുള്ളത്. 30 കുട്ടികള്‍ സ്വന്തമായി പരീക്ഷ കേന്ദ്രങ്ങളിലെത്താമെന്ന് അറിയിച്ചിട്ടുള്ളവരാണ്.
ഇതുവരെ 93 വിദ്യാര്‍ഥികള്‍ തലപ്പാടി അതിര്‍ത്തി വഴി ജില്ലയിലെത്തി. പരീക്ഷ എഴുതാനായി തലപ്പാടി അതിര്‍ത്തിയിലെത്തിയ കുട്ടികളെ ജില്ലാ ഭരണകൂടമാണ് സ്‌കൂളുകളിലെത്തിച്ചത്. 2491 പേരാണ് ജില്ലയില്‍ വിഎച്ച്എസ്ഇ എഴുതാന്‍ ഉണ്ടായിരുന്നവര്‍. ഇതില്‍ 22സെന്ററുകളിലായി 2434 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി.

സമയക്രമീകരണത്തില്‍ ആശങ്കപ്പെട്ട്
രക്ഷിതാക്കളും അധ്യാപകരും
ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷ ഇന്നു മുതലാണ് തുടങ്ങുക. കഴിഞ്ഞ ദിവസം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളാണ് രാവിലെ നടന്നത്. ഇന്നുമുതല്‍ രാവിലെ 9.30മുതല്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കും.
പരിശോധനയുള്ളതിനാല്‍ 8.45നകം സ്‌കൂളില്‍ ഹാജരായിരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അധികപേരും വിദൂര ദിക്കുകളില്‍ നിന്നും എത്തേണ്ടവരാണ്. ഇതില്‍ 25ഉം 30 കിലോമീറ്ററിലധികം സഞ്ചരിച്ച് എത്തേണ്ടവരുമുണ്ട്. വാഹനസൗകര്യം കുറവായതിനാല്‍ എങ്ങനെ സമയത്തിന് സ്‌കൂളിലെത്തുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.
സ്‌കൂളില്‍ കുട്ടികള്‍ എത്തിയിട്ടുണ്ടോ എന്നുറപ്പുവരുത്തേണ്ടത് പ്രിന്‍സിപ്പല്‍മാരാണ്. എന്നാല്‍ ചെറിയ സമയത്തിനുള്ളില്‍ പരീക്ഷ നടത്തിപ്പ് ഉത്തരവാദിത്തത്തോടൊപ്പം ഇതും എങ്ങനെ ചെയ്യുമെന്ന അങ്കലാപ്പിലാണ് പ്രിന്‍സിപ്പല്‍മാര്‍. മലയോരത്തെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കല്‍ ദുഷ്‌കരമാണ്. ഇന്നലെ എസ്എസ്എല്‍സി കുട്ടികളെ മാത്രം സ്‌കൂളിലെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു.
പരീക്ഷാ സമയം ക്രമീകരിച്ചതിലെ പാളിച്ച സ്‌കൂള്‍ അധികാരികളെ കുഴക്കുന്നുണ്ട്.