കടകളില്‍ ശുചീകരണം തുടങ്ങി

34
കണ്ണൂര്‍ നഗരത്തിലെ സ്ഥാപനങ്ങള്‍ ശുചീകരണത്തിനായി തുറന്നപ്പോള്‍

പലയിടങ്ങളിലും സാധനങ്ങള്‍ നശിച്ചു

കണ്ണൂര്‍: ലോക്ക്ഡൗണിന്റെ ഭാഗമായി ഒന്നര മാസത്തിലേറെയായി അടഞ്ഞു കിടക്കുന്ന ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ശുചീകരണത്തിനായി തുറക്കാന്‍ തുടങ്ങി. നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി കിട്ടിയ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത്. ചൊവ്വാഴ്ച മുതല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കടകള്‍ ശുചീകരിക്കാമെന്ന് മേയര്‍ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ടെക്‌സ്‌റ്റൈയില്‍സ് റെഡിമെയ്ഡ് കടകള്‍ തുറന്ന് വൃത്തിയാക്കി.
മതിയായ മുന്നൊരുക്കങ്ങളില്ലാതെ കടയടച്ചത് കാരണം മിക്ക കടകളിലെയും സാധനങ്ങള്‍ പലതും നശിച്ചിട്ടുണ്ട്. ചില കടകള്‍ എലിയുടെയും പാറ്റകളുടെയും താമസ സ്ഥലമായി മാറിയിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ വേനല്‍ മഴയില്‍ കടകളില്‍ വെള്ളമെത്തി തുണികള്‍ നശിച്ചിട്ടുണ്ട്. ഇടിമിന്നലില്‍ ചിലയിടങ്ങളിലെ വൈദ്യുതോപകരണങ്ങളും നശിച്ചു. കണ്ണൂര്‍ നഗരത്തില്‍ ആകെ 5000 കടകളാണുള്ളത്. അതില്‍ ചെറുതും വലുതുമായ തുണിക്കടകള്‍ 500 ലേറെയാണ്. തുടര്‍ച്ചയായി കടകള്‍ തുറക്കാതിരുന്നത് വ്യാപാരികള്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിയത്.
കോര്‍പ്പറേഷന്‍ പരിധിയിലുള്ള കടകള്‍ക്ക് മാത്രമാണ് ശുചീകരണത്തിനായി തുറക്കാനുള്ള അനുമതി ലഭിച്ചത്. എന്നാല്‍ ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ മുഴുവന്‍ വ്യാപാരികള്‍ക്കും കടകള്‍ തുറക്കാനുള്ള അനുമതി നല്‍കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് വി ഗോപിനാഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറുകിട കച്ചവടക്കാര്‍ക്ക് പലിശ രഹിത വായ്പയായി രണ്ട് ലക്ഷം രൂപ അനുവദിക്കണമെന്നും വന്‍കിടക്കാര്‍ക്ക് 10 ലക്ഷം രൂപ പലിശ രഹിതമായി നല്‍കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ആവശ്യപ്പെട്ടു. ഇന്നലെ ഹാര്‍ഡ് വെയര്‍, പെയിന്റ്, ചെരിപ്പ്, ഫാന്‍സി കടകളാണ് തുറന്നത്. ഇന്ന് കണ്ണട, വാച്ച്, സ്റ്റുഡിയോ എന്നിവയും നാളെ ടീ ഷോപ്പുകളും റസ്റ്റോറന്റുകളും മറ്റുള്ള കടകള്‍ ശനിയാഴ്ചയും ശുചീകരിക്കാന്‍ തുറക്കും. സാമൂഹിക അകലം പാലിച്ച് അഞ്ച് പേര്‍ മാത്രമാണ് ശുചീകരണത്തിനായി കടകളിലെത്തിയത്.