ഇരിട്ടി: പൂച്ചയെ വിഴുങ്ങി വീടിന്റെ അടുപ്പിന് തിണ്ണയില്‍ വിശ്രമിച്ച ഉഗ്ര വിഷമുള്ള മുര്‍ഖന്‍ പാമ്പിനെ പിടികൂടി വനത്തിനുള്ളില്‍ വിട്ടു. റിട്ട. ടെലികോം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പെരുംപറമ്പ് ജ്യോതിഷ് നിവാസില്‍ കെ ഗോവിന്ദന്റെ വീട്ടില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്.
വീട്ടുജോലിക്കെത്തിയ സ്ത്രീയാണ് അടുപ്പിന് തിണ്ണയില്‍ പാമ്പിനെ കണ്ടത്. വീട്ടില്‍ ഗോവിന്ദനും ഭാര്യയും മാത്രമാണ് താമസം. രാവിലെ ഇവര്‍ എഴുന്നേറ്റപ്പോള്‍ തള്ളപൂച്ചയും മൂന്ന് കുട്ടികളും ഉണ്ടായിരുന്നതില്‍ ഒരു കുട്ടിയേയും തള്ളയേയും മാത്രമെ കാണാന്‍ കഴിഞ്ഞുള്ളു. അടുക്കള വീട്ടുജോലിക്കാരി എത്തിയാല്‍ മാത്രമെ തുറക്കാറുണ്ടായിരുന്നുള്ളൂ. ഇവര്‍ അടുക്കള ഒഴിച്ച് വീടിന്റെ എല്ലാ ഭാഗവും പരിശോധിച്ചെങ്കിലും പൂച്ചക്കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജോലിക്കാരി എത്തി അടുക്കള തുറന്ന് പ്രഭാത ഭക്ഷണത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് അടുപ്പിന് തിണ്ണയില്‍ വിശ്രമിക്കുന്ന പുതിയ അതിഥിയെ കണ്ടത്. പൂച്ചക്കുട്ടിയെ വിഴുങ്ങി കുടല് വീര്‍ത്തനിലയില്‍ ഇഴയാന്‍ കഴിയാതെ കിടക്കുകയായിരുന്നു മൂര്‍ഖന്‍.
സമീപത്തു തന്നെ മറ്റൊരു പൂച്ചക്കുട്ടിയെ കടിച്ചു കൊന്ന നിലയിലും കണ്ടെത്തി. സെക്ഷന്‍ ഫോറസ്റ്റര്‍ കെ ജിജിലിന്റെ നേതൃത്വത്തില്‍ പാമ്പ് പിടിത്തക്കാരനായ രഞ്ജിത്ത് നാരായണന്, ഫോറസ്റ്റ് വാച്ചര്‍ സി ബിജു എന്നിവരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി കാട്ടിനുള്ളില്‍ വിട്ടു.