മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചത് ഹൃദയത്തിന് മുറിവേറ്റത് കാരണം

പ്രതി അബൂബക്കര്‍ സിദ്ദീഖ്, മരണപ്പെട്ട മുഹമ്മദ് ഹാജി

തിരൂര്‍: ഏഴൂരില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചത് ഹൃദയത്തിനേറ്റ പരിക്ക് കാരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം ഹൃദയത്തിനേറ്റ പരിക്കാണെന്ന് കണ്ടെത്തിയത്.
ശനിയാഴ്ചയാണ് ഏഴൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജി (70) മകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മര്‍ദനമേറ്റ് മരിച്ചത്. ഇളയ മകന്‍ അബൂബക്കര്‍ സിദ്ദീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചെത്തിയ ഇയാള്‍ മുഹമ്മദ് ഹാജിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു. അക്രമാസക്തനായ അബൂബക്കര്‍ സിദ്ദീഖിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിടുകയും തുടര്‍ന്ന് തിരൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹൃദയ സംബന്ധമായ അസുഖമുള്ള മുഹമ്മദ് ഹാജിക്ക് വീഴ്ചയില്‍ ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കുകയാണ്. കോവിഡ് പരിശോധനകൂടി പൂര്‍ത്തിയായിട്ട് മൃതദേഹം വിട്ട് നല്‍കും.