കോഴിക്കോട്: കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വയനാടിന്റെ സ്വന്തം ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് കരസ്ഥമാക്കിയാണ് ശ്രീധന്യ സിവില്‍ സര്‍വീസ് നേട്ടത്തിലെത്തിയത്.വയനാട്ടില്‍ നിന്ന് ആദ്യമായി ഐ.എ.എസ് പട്ടം നേടുന്നതും ശ്രീധന്യയാണ്.
ശ്രീധന്യ സുരേഷ് അസിസ്റ്റന്റ് കലക്ടര്‍ ട്രെയിനിയായി ഉടന്‍ തന്നെ ചുമതലയേല്‍ക്കും. പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമായ ശ്രീധന്യ വയനാട് പൊഴുതന സ്വദേശിയാണ്. തരിയോട് നിര്‍മല ഹൈസ്‌കുളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്തു. സജീവ് കെ.എസ്.യുക്കാരിയായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസിലേക്ക് ചുവടുവെച്ചത്. ചിട്ടയോടു കൂടിയ പഠനത്തിലൂടെയുള്ള തയ്യാറെടുപ്പും ആത്മവിശ്വാസവുമാണ് കഷ്ടപ്പാടിനിടയിലും ഇത്രയും വലിയ നേട്ടത്തിലെത്തിച്ചത്.