ശ്രീകൃഷ്ണപുരം: ഗ്രാമ പഞ്ചായത്തിലെ വലിമ്പിലി മംഗലം, കാഞ്ഞിരംപാറ എന്നിവിടങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തി.പാലക്കാട് എക്‌സൈസ് ഇന്റെലിജന്‍സ് ബുറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെര്‍പ്പുളശ്ശേരി എക്‌സൈസ് സംഘവുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. രണ്ടു വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും, രണ്ടു പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. വലംബിലി മംഗലം ഭാഗത്തു നടത്തിയ റെയ്ഡില്‍ 3 ലിറ്റര്‍ ചാരായവുമായി ചോലാകുന്നത്ത് വീട്ടില്‍ കൃഷ്ണകുമാറാണ് പിടിയിലായത്.കാഞ്ഞിരംപാറയില്‍ നടന്ന പരിശോധനയില്‍ വീട്ടില്‍ ചാരായം വാറ്റിയ ശ്രീകൃഷ്ണപുരം പുലാക്കല്‍ വീട്ടില്‍ മുത്തു എന്ന അയ്യപ്പനെതിരെ അബ്കാരി വകുപ്പ് പ്രകാരം കേസ്സെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ചാരായം വാറ്റി കൊണ്ടിരുന്ന അയ്യപ്പന്‍ ഓടി രക്ഷപെട്ടു. അയ്യപ്പന്റെ വീട്ടില്‍ നിന്നും 1 ലിറ്റര്‍ ചാരായം, 40 ലിറ്റര്‍ സ്‌പെന്‍ഡ് വാഷ്, മറ്റു വാറ്റ് ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. അയ്യപ്പന്‍ മുന്‍പും വാറ്റ് കേസില്‍ പ്രതിയാണ്.
ലോക്ക് ഡൌണ്‍ മറവില്‍ കടമ്പഴിപ്പുറം,ശ്രീകൃഷ്ണപുരം, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ വ്യാജ വാറ്റ് സജീവമായിട്ടുണ്ടെന്നും തുടര്‍ന്നും മേഖലയില്‍ റൈഡുകള്‍ ശക്തമാക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി.അനൂപ്,ശങ്കര്‍ പ്രസാദ്, അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹാരിഷ്, സി.സെന്തില്‍ കുമാര്‍, ആര്‍.റിനോഷ്, എം.യൂനസ്, കെ.എസ് സജിത്ത്, എം.എസ് മിനു, പ്രവീണ്‍ കുമാര്‍, ജിതേഷ്, അനില്‍ കുമാര്‍, ബദറുദീന്‍, സത്താര്‍, വിഷ്ണു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.