ശ്രീകൃഷ്ണപുരത്തെ അനധികൃത പാറഖനനം; പ്രതിക്കൂട്ടില്‍ ബി.ജെ.പി

10
ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം റിക്രിയേഷന്‍ ക്ലബ്ബ് ട്രസ്റ്റിന്റെ സ്ഥലത്ത് അനധികൃതമായി നടക്കുന്ന കരിങ്കല്‍ ഖനനം

പ്രതിഷേധവുമായി നാട്ടുകാര്‍

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്ന ബിജെപിയുടെ തനിനിറം പുറത്ത്. പാറപൊട്ടിക്കാനായി ഉപയോഗിച്ച ഹിറ്റാച്ചിയും, ടിപ്പര്‍ലോറികളും വിട്ടുനല്‍കാന്‍ ബി.ജെ.പി പണം കൈപ്പറ്റിയതായി ഉടമകളുടെ ആക്ഷേപം. വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ബി.ജെ.പി നേതാക്കള്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതായും ഇതിന്റെ തെളിവുകള്‍ കൈവശമുള്ളതായും ക്വാറിഉടമകള്‍ ആരോപിച്ചു. പാറഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് ബി.ജെ.പി ശ്രീകൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പറഞ്ഞതുകൊണ്ടാണ് വാഹനങ്ങള്‍ വിട്ടുനല്‍കിയതെന്ന് ശ്രീകൃഷ്ണപുരം ഒന്ന് വില്ലേജ്ഓഫീസര്‍ കെ.നിഷാന്ത് പ്രാദേശികചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വില്ലേജ്ഓഫീസറുടെ വെളിപ്പെടുത്തല്‍ ക്വാറി ഉടമയുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതായി. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ശ്രീകൃഷ്ണപുരം ഷട്ടില്‍ റിക്രിയേഷന്‍ ക്ലബ്ബിന് കീഴിലുള്ള ട്രസ്റ്റി നേതൃത്വത്തിലുള്ള സ്ഥലത്താണ് അനധികൃതമായി പാറപൊട്ടിക്കല്‍ നടത്തിവരുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ആദ്യം ബി.ജെ.പി ശ്രീകൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റിയാണ് രംഗത്തുവന്നത്. പിന്നീട് ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. തുടര്‍ന്ന് ശ്രീകൃഷ്ണപുരം 1 വില്ലേജ് ഓഫീസര്‍, പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി പാറപൊട്ടിക്കല്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. കരിങ്കല്‍ കയറ്റിയ ടിപ്പര്‍ലോറികളും, പാറപൊട്ടിക്കാനായി ഉപയോഗിക്കുന്ന വലിയ ഹിറ്റാച്ചിയും കസ്റ്റഡിയില്‍ എടുത്തു. പുറമെ പ്രതിഷേധം സംഘടിപ്പിച്ച് ക്വാറി ഉടമകളില്‍നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി അവരെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പി കൈക്കൊണ്ടത്.
അനധികൃത കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ടവിഷയത്തില്‍ പ്രതിഷേധവുമായി കൂടുതല്‍ പാര്‍ട്ടികള്‍രംഗത്ത്. കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികളാണ് രംഗത്തുവന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം വിഷയത്തില്‍ ബിജെപി, ഹിന്ദു ഐക്യവേദി, ബി.ഡി.ജെ.എസ് നേതാക്കളുടെ നിലപാടുകളില്‍ സംശയമുണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സി.പി.എം ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്. ആറുമാസങ്ങള്‍ക്ക് മുന്‍പുതന്നെ പ്രദേശത്ത് കരിങ്കല്‍ഖനനം ആരംഭിച്ചിരുന്നു.വിഷയത്തില്‍ ആദ്യം ഇടപെട്ട സി.പി.എം ക്വറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരുന്നു. കരിങ്കല്‍ഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എമ്മിനെതിരെ ബിജെപി നേതാക്കള്‍ നടത്തുന്ന ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതമാണെന്ന് സി.പി.എം ശ്രീകൃഷ്ണപുരം ലോക്കല്‍ സെക്രട്ടറി കെ.എസ് മധു പറഞ്ഞു. വിഷയത്തില്‍ യാതൊരുവിധ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളും ശിവസേന അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി, ഹിന്ദുഐക്യവേദി നേതാക്കളുടെ നിലപാടുകളില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്ന് യുവസേന ജില്ലാപ്രസിഡന്റ് എം.എസ് സുനീഷ് പറഞ്ഞു. റവന്യൂഅധികാരികളുടെ ഒത്താശയോടെയാണ് ശ്രീകൃഷ്ണപുരത്തെ കുറച്ച് പണക്കാര്‍ ചേര്‍ന്ന് പ്രദേശത്ത് അനധികൃതമായി കരിങ്കല്‍ ഖനനം നടത്തുന്നതെന്ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. പാരിസ്ഥിതിക ആഘാതങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം, അനധികൃത കരിങ്കല്‍ഖനനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതമാണെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് വിശ്വനാഥന്‍ പറഞ്ഞു.