എസ്.എസ്.എല്‍.സിമൂല്യനിര്‍ണയ ക്യാമ്പ് കോഴിക്കോട് ജില്ലയില്‍ അധ്യാപകര്‍ കുറവ്

20
ചാലപ്പുറം ഗണപത് ബി.എച്ച്.എച്ച്.എസ്.എസില്‍ നടന്ന എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം

കോഴിക്കോട്: എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പ് ജില്ലയില്‍ രണ്ടിടത്ത് ഇന്നലെ ആരംഭിച്ചു. ക്യാമ്പിലെത്തിയ അധ്യാപകരുടെ എണ്ണം വളരെ കുറവായിരുന്നു. കോഴിക്കോട് ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് ഹയര്‍ സെക്കണ്ടറിയിലും കൊയിലാണ്ടി ഹൈസ്‌കൂളിലുമാണ് ക്യാമ്പ് നടന്നത്. ചാലപ്പുറത്ത് 215 അധ്യാപകര്‍ വേണ്ടിടത്ത് 64 പേര്‍ മാത്രമാണ് എത്തിയിരുന്നത്. പിന്നീട് നഗരത്തിലെ ചില വിദ്യാലയങ്ങളില്‍ നിന്ന് ഏതാനും അധ്യാപകരെ എത്തിച്ച് എണ്ണം 80ല്‍ എത്തിച്ചു. കൊയിലാണ്ടിയില്‍ 157 ്അധ്യാപകരെയാണ് നിയോഗിച്ചിരുന്നത്.
എന്നാല്‍ 60 പേര്‍ മാത്രമാണ് എത്തിയത്. ലോക്ഡൗണ്‍ കാരണം പൊതുഗതാഗതം ഇല്ലാത്തതിനാല്‍ അധ്യാപകര്‍ക്ക് എത്താന്‍ പ്രയാസം നേരിട്ടു. ഇക്കാര്യം അധികൃതരെ അധ്യാപകര്‍ അറിയിച്ചിരുന്നു. മൂല്യനിര്‍ണയത്തിന് എത്താനുള്ള പ്രയാസം അധ്യാപക സംഘടനകളും അധികൃതരെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ക്യാമ്പ് ഏതുവിധേനയും നടത്തണമെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസവകുപ്പ്.
അവശേഷിക്കുന്ന പരീക്ഷകള്‍ക്ക് ശേഷം ജൂണില്‍ അവസാനവട്ട മൂല്യനിര്‍ണയ ക്യാമ്പ് നടത്തേണ്ടതുണ്ട്. ഇപ്പോള്‍ തിരക്കിട്ട് ക്യാമ്പ് നടത്തേണ്ടതില്ലെന്ന് അധ്യാപക സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു. ചാലപ്പുറം സ്‌കൂളില്‍ മലയാളവും കൊയിലാണ്ടി സ്‌കൂളില്‍ ഇംഗ്ലീഷ് പേപ്പറുമാണ് മൂല്യനിര്‍ണയം ചെയ്യുന്നത്. ക്യാമ്പ് 22 വരെ തുടരും. അതേസമയം, വയനാട്ടില്‍ നടക്കുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷയുടെ മൂല്യനിര്‍ണയക്യാമ്പില്‍ കോഴിക്കോട് നിന്നുള്ള അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ക്യാമ്പിലെത്താന്‍ സാധിച്ചിട്ടില്ല.