ഹാവൂ.. ആശ്വാസം; ഇനി ഫലമറിയണം

16
എസ്.എസ്.എല്‍.സി പരീക്ഷയുടെ അവസാന ദിനമായ ഇന്നലെ പരീക്ഷാഹാളിലേക്ക് കയറുന്നതിനു മുമ്പ് വിദ്യാര്‍ത്ഥിക്ക് സാനിറ്റൈസര്‍ നല്‍കുന്ന രക്ഷിതാവ്

കൂടിച്ചേരലും ആരവങ്ങളുമില്ലാതെ യാത്ര പറഞ്ഞ് പിരിഞ്ഞ് പത്താം ക്ലാസുകാര്‍

കണ്ണൂര്‍: സുരക്ഷാ മാനദണ്ഡങ്ങള്‍ക്കിടയിലും പരീക്ഷ എഴുതി തീര്‍ത്ത ആശ്വാസത്തിലായിരുന്നു പത്താം ക്ലാസുകാര്‍. ഇനി ഫലം അറിയാനുള്ള കാത്തിരിപ്പാണ്. പതിവ് രീതിയില്‍ കൂടിച്ചേരലുകളോ ആരവങ്ങളോ ഇല്ലാതെയാണ് പരീക്ഷ പൂര്‍ത്തിയായ ആശ്വാസത്തില്‍ അവര്‍ മടങ്ങിയത്. യാത്ര പറച്ചില്‍ ടാറ്റ പറച്ചിലിലൊതുങ്ങി.
പശ്ചാത്തലത്തില്‍ ഏറെ ആശങ്കയുണര്‍ത്തിയാണ് വലിയൊരു ഇടവേളയ്ക്കു ശേഷം എസ്എസ്എല്‍ സി പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിച്ചത്. കര്‍ശന നിയന്ത്രണങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി 33722 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 56 വിദ്യാര്‍ത്ഥികള്‍ മറ്റ് ജില്ലകളില്‍ സെന്റര്‍ മാറ്റം വഴി ജില്ലയില്‍ പരീക്ഷ എഴുതി. 203 സെന്ററുകളിലായി 33737 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷക്ക് ഹാജരാകാത്ത 15 പേരില്‍ ഒന്‍പത് പേര്‍ മാര്‍ച്ചിലെ പരീക്ഷകളും എഴുതാത്തവരാണ്.
ക്വാറന്റീന്‍ ചെയ്ത വീടുകളിലെ 19 വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷ എഴുതി. മറ്റ് സംസ്ഥാനത്തു നിന്ന് ഒരു വിദ്യാര്‍ത്ഥിയാണ് പരീക്ഷ എഴുതിയത്. 15 പേര്‍ പനി, മറ്റ് അനുബന്ധ അസുഖങ്ങള്‍ കാരണം പ്രത്യേക മുറിയില്‍ പരീക്ഷ എഴുതി. വിഎച്ച്എസ്ഇ വിഭാഗത്തില്‍ ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലായി 297 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. മുഴുവന്‍ പേരും പരീക്ഷയ്ക്ക് ഹാജരായി. 157 കേന്ദ്രങ്ങളിലായി 31600 പേരാണ് പ്ലസ്ടു വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 31 289 പേര്‍ പരീക്ഷയ്ക്ക് ഹാജരായി.
പരീക്ഷയ്ക്ക് ഹാജരാകാത്ത 311 ല്‍ 274 പേരും മാര്‍ച്ചില്‍ നടന്ന പരീക്ഷയും എഴുതാത്തവരാണ്. സെന്റര്‍ മാറ്റം കിട്ടിയ 456 പേരും ജില്ലയില്‍ പരീക്ഷ എഴുതി. ക്വാറന്റീന്‍ ചെയ്ത വീടുകളിലെ 73 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. മറ്റ് സംസ്ഥാനത്തു നിന്നു വന്നത് ഒരു വിദ്യാര്‍ത്ഥിയാണ്. 30 പേര്‍ പനി, മറ്റ് അനുബന്ധ അസുഖങ്ങള്‍ കാരണം പ്രത്യേക മുറിയില്‍ പരീക്ഷ എഴുതി.
ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ക്രമീകരണങ്ങള്‍ക്കൊപ്പം പൊലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ പരീക്ഷാ കേന്ദ്രങ്ങളിലൊരുക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറന്നില്ല. കണ്ടെയ്ന്‍മെന്റ് സോണിലെ പരീക്ഷ കേന്ദ്രങ്ങളുടെ പരിസരം പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു. ഒരു ക്ലാസില്‍ 20 പേര്‍ എന്ന രീതിയിലായിരുന്നു പരീക്ഷ ഹാളുകളുടെ ക്രമീകരണം.
തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തിയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. നാളെയാണ് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ സമാപിക്കുക.