എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷ ഇന്നു മുതല്‍ ഒരുക്കങ്ങളില്‍ താളപ്പിഴ

13
ഹരിതയൗവനം... നാദാപുരം ഉമ്മത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരം എം.എസ്.എഫ് പ്രവര്‍ത്തകര്‍ ശുചീകരിക്കുന്നു

കോഴിക്കോട്: കോവിഡ് മൂലം മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ ജില്ലയില്‍ ഒരുക്കങ്ങളുടെ കാര്യത്തില്‍ താളപ്പിഴകള്‍ ഏറെ. വിദ്യാര്‍ത്ഥികള്‍ക്കുള്ള മാസ്‌കുകളും മാര്‍ഗരേഖകള്‍ അടങ്ങിയ ലഘുലേഖയും വീടുകളില്‍ എത്തിക്കുമെന്ന വാഗ്ദാനം വിദ്യാഭ്യാസവകുപ്പിന് പാലിക്കാനായില്ല. നഗരപരിധിയില്‍ ഏതാനും സ്ഥലത്ത് മാത്രമാണ് ഇത് സാധ്യമായത്. മറ്റുള്ള സ്ഥലങ്ങളില്‍ ഇന്ന് സ്‌കൂള്‍ കവാടത്തില്‍ നല്‍കുമെന്നാണ് അറിയുന്നത്.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുക, കൂട്ടംകൂടി നില്‍ക്കരുത്, ഹസ്തദാനം പോലുള്ള സനേഹപ്രകടനം ഒഴിവാക്കണം, പേന, പെന്‍സില്‍ പോലുള്ള സാമഗ്രികള്‍ കൈമാറാന്‍ പാടില്ല, കുടിവെള്ളം സ്‌കൂളില്‍ നിന്ന് വിതരണം ചെയ്യുമെങ്കിലും കുട്ടികള്‍ വെള്ളം കൊണ്ടുവരുന്നത് അനുവദനീയമാണ്, പരീക്ഷക്ക് ശേഷം കുട്ടികള്‍ കൂട്ടംചേര്‍ന്ന് നടത്തുന്ന ചര്‍ച്ച അനുവദിക്കില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് ലഘുലേഖയില്‍ ഉള്ളത്.
സുരക്ഷയുടെ ഭാഗമായി ഇന്നലെ വിദ്യാലയങ്ങള്‍ അണുവിമുക്തമാക്കി. കുട്ടികളെ സ്‌കൂള്‍ കവാടത്തില്‍ തെര്‍മല്‍ ഗണ്‍ പരിശോധനക്ക് വിധയമാക്കും. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്താന്‍ സ്‌കൂള്‍ ബസും കെ.എസ്.ആര്‍.ടി.സി ബസുകളും ഉപയോഗപ്പെടുത്തും. രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തേണ്ടതില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. സ്‌കൂള്‍ കവാടത്തില്‍ വെച്ച് ആവശ്യമുള്ളവര്‍ക്ക് മാസ്‌ക് വിതരണം ചെയ്യും. എല്ലാവര്‍ക്കും സാനിറ്റൈസര്‍ നല്‍കും. ഒരു ബഞ്ചില്‍ രണ്ടു കുട്ടികളെ വീതമാകും ഇരുത്തുക. ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കേന്ദ്രങ്ങളിലും പരീക്ഷ നടത്തും. കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 44555 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 249 പേര്‍ മറ്റു ജില്ലകളിലും 156 പേര്‍ മറ്റു ജില്ലകളില്‍ നിന്ന് ഇവിടെയെത്തിയും പരീക്ഷയെഴുതും. 197 കേന്ദ്രങ്ങളാണ് ആകെയുള്ളത്. ഹയര്‍ സെക്കണ്ടറിയില്‍ 92392 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാനുണ്ട്. 179 കേന്ദ്രങ്ങളാണുള്ളത്. 300 അധ്യാപകരെ പ്രത്യേകമായി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയിലെ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ സഹായം തേടിയിട്ടുണ്ട്. പുതിയാപ്പയില്‍ നിന്ന് 12 മണിക്ക് സര്‍വ്വീസ് തുടങ്ങുന്ന കെ.എസ്.ആര്‍.ടി.സി ബേപ്പൂര്‍ വരെ ഓടും. വൈകിട്ട് 4.45ന് ബേപ്പൂരില്‍ നിന്ന് പുതിയാപ്പയിലേക്കും സര്‍വ്വീസ് നടത്തും. സ്‌കൂള്‍ പി.ടി.എ കമ്മിറ്റികളുടെ എക്‌സിക്യുട്ടീവ് യോഗം ഇന്നലെ ചേരുകയുണ്ടായി. കോര്‍പറേഷന്‍ പരിധിയില്‍ 13224 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 66 സ്‌കൂളുകളിലാണ് പരീക്ഷ നടക്കുന്നത്. ഇതില്‍ 29 ഗവ. സ്‌കൂളുകളും 26 എയിഡഡ് സ്‌കൂളുകളും ഏഴ് അണ്‍ എയിഡഡ് സ്‌കൂളുകളും മൂന്ന് സ്‌പെഷ്യല്‍ സ്‌കൂളുകളും ഒരു ടെക്‌നിക്കല്‍ സ്‌കൂളും ഉള്‍പ്പെടും. കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാനുള്ള പ്രയാസം തന്നെയാണ് പ്രധാന പ്രശ്‌നമായി അവശേഷിക്കുന്നത്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ നെട്ടോട്ടമോടേണ്ടിവരും. പൊതുഗതാഗത സംവിധാനത്തെ തീര്‍ത്തും ആശ്രയിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്വകാര്യബസുകളില്‍ 90 ശതമാനവും സര്‍വീസ് നടത്തുന്നില്ല. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ബ്ലോക്ക് റിസോഴ്‌സ് ടീച്ചേഴ്‌സിനെയും സ്‌പെഷല്‍ ടീച്ചേഴ്‌സിനെയും മറ്റുമാണ് ചുമലതപ്പെടുത്തിയിട്ടുള്ളത്. സ്ഥിരം ജീവനക്കാരല്ലാത്ത ഇവര്‍ക്ക് ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമോ എന്ന സംശയം അവശേഷിക്കുകയാണ്.