എസ്എസ്എല്‍സി മൂല്യ നിര്‍ണയം; ഡ്യൂട്ടിക്കെത്തിയത് 207 അധ്യാപകര്‍ മാത്രം

12
പള്ളിക്കുന്ന് സ്‌കൂളില്‍ നടക്കുന്ന എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പ്‌

കണ്ണൂര്‍: ജില്ലയിലെ നാല് കേന്ദ്രങ്ങളിലായി ആരംഭിച്ച എസ്എസ്എല്‍സി മൂല്യ നിര്‍ണയത്തിനെത്തിയത് നിര്‍ദ്ദേശിച്ചതിലും പകുതി അധ്യാപകര്‍ മാത്രം.
598 അധ്യാപകര്‍ മൂല്യനിര്‍ണയത്തിന് ഓപ്ക്ഷന്‍ നല്‍കിയെങ്കിലും 207 അധ്യാപകരാണെത്തിയത്. പള്ളിക്കുന്ന് വിഎച്ച്എസ്എസ്, തിരുവങ്ങാട് വിഎച്ച്എസ്എസ്, തലശ്ശേരി ജിവിഎച്ച്എസ്എസ്, പയ്യന്നൂര്‍ എകെകെഎസ്ജി എന്നിവിടങ്ങളാണ് ജില്ലയിലെ മൂല്യനിര്‍ണയ ക്യാമ്പുകള്‍.
ഇതില്‍ പള്ളിക്കുന്ന് വിഎച്ച്എസ്എസില്‍ 99 അധ്യാപകരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. എന്നാല്‍ 22 അധ്യാപകരാണ് എത്തിയത്. 126 അധ്യാപകരെ നിയോഗിച്ച തിരുവങ്ങാട് വിഎച്ച്എസ്എസില്‍ എത്തിയതാകട്ടെ 54 പേരും. തലശ്ശേരി ജിവിഎച്ച്എസ്എസില്‍ 212 അധ്യാപകരില്‍ 63 പേരാണെത്തിയത്. പയ്യന്നൂരില്‍ 151 അധ്യാപകരില്‍ 68 പേരെത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണമാണ് പല അധ്യാപകര്‍ക്കും എത്താന്‍ സാധിക്കാതിരുന്നതെന്ന് വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍ സനകന്‍ പറഞ്ഞു. ബയോളജി, ഹിന്ദി, ഇംഗ്ലീഷ്, മലയാളം സെക്കന്റ് എന്നീ വിഷയങ്ങളുടെ മൂല്യ നിര്‍ണയമാണ് ഇന്നലെ നടന്നത്. വരും ദിവസങ്ങളില്‍ മൂല്യ നിര്‍ണയത്തിന് ഓപ്ക്ഷന്‍ നല്‍കാത്ത അധ്യാപകരെ കൂടി ക്യാമ്പുകളിലെത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
ജില്ലയില്‍ അതത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരെയാണ് നിയോഗിക്കുക. വരുംദിവസങ്ങളില്‍ കൂടുതല്‍ അധ്യാപകര്‍ എത്തുമെന്നാണ് പ്രതീക്ഷ. അധ്യാപകര്‍ക്ക് യാത്രാ സൗകര്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ഒരുക്കണമെന്ന് വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.