എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ പുനരാരംഭിച്ചു

9
എം.എസ്.എഫ് കോവിഡ് കെയര്‍ ഡെസ്‌കിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് ദാറുല്‍ ഉലൂം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ഥിക്ക് കയ്യില്‍ സാനിറ്റൈസര്‍ നല്‍കി ഉദ്ഘാടനം ചെയ്യുന്നു

ജില്ലയില്‍ 78,094 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി

മലപ്പുറം: സുഹൃത്തുക്കളെ കാണുന്നതിന്റെ ആവേശവും ആഹ്ലാദവും സ്‌നേഹപ്രകടനങ്ങളുമെല്ലം തത്ക്കാലം മാറ്റിവച്ച് വിദ്യാര്‍ഥികള്‍ ഇന്നലെ പുനരാരംഭിച്ച എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി പരീക്ഷയെഴുതി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് ജില്ലയില്‍ പരീക്ഷ നടന്നത്. ജില്ലയിലെ 295 കേന്ദ്രങ്ങളിലായി 78,094 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയും 27 കേന്ദ്രങ്ങളിലായി 7,500 വിദ്യാര്‍ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയും എഴുതി. ജില്ലയിലെ ചില വിദ്യാര്‍ഥികള്‍ സ്വദേശമായ ലക്ഷദ്വീപിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും പരീക്ഷ എഴുതിയിട്ടുണ്ട്.
തെര്‍മ്മല്‍ സ്‌കാനിങിന് വിധേയരാക്കിയതിന് ശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെര്‍മ്മല്‍ സ്‌കാനര്‍ സംവിധാനം ഒരുക്കിയിരുന്നു. 300 കുട്ടികള്‍ക്ക് ഒരു തെര്‍മ്മല്‍ സ്‌കാനര്‍ എന്ന വിധത്തിലാണ് പരീക്ഷ കേന്ദ്രങ്ങളില്‍ ക്രമീകരിച്ചിരുന്നത്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ കൈകഴുകാന്‍ സോപ്പും വെള്ളവും ഒരുക്കി. ഹാളില്‍ കയറുന്നതിന് മുമ്പ് ആരോഗ്യപ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കി. മുഴുവന്‍ വിദ്യാര്‍ഥികളും മാസ്‌ക് ധരിച്ചെന്ന് ഉറപ്പ് വരുത്തിയാണ് ഹാളില്‍ പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിച്ച് ഒരു ഹാളില്‍ 20 വിദ്യാര്‍ഥികളെന്ന തോതിലാണ് പരീക്ഷക്കിരുത്തിയത്. പരീക്ഷാ എഴുതാനാവശ്യമായ സാമഗ്രികള്‍ വിദ്യാര്‍ഥികള്‍ പരസ്പരം കൈമാറുന്നതും സഹപാഠികളുമായി ഇടപഴകുന്നതും ഹസ്തദാനവുമെല്ലാം കര്‍ശനമായി വിലക്കിയിരുന്നു. വിദ്യാര്‍ഥികളെ സ്‌കൂളുകളിലെത്തിക്കുന്നതിനായി അതത് സ്‌കൂളുകളിലെയും തൊട്ടടുത്ത പ്രൈമറി വിദ്യാലയങ്ങളിലെയും ബസുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. രക്ഷിതാക്കളുടെ കൂടെയും വിദ്യാര്‍ഥികളെത്തി.
പരീക്ഷാ ചുമതലയിലുള്ള അധ്യാപകരും കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയും മാസ്‌കും ഗ്ലൗസും ധരിച്ചുമാണ് അധ്യാപകരും പരീക്ഷാകേന്ദ്രങ്ങളിലെത്തിയത്. ചുമതലയിലുള്ള അധ്യാപകരെല്ലാം പരീക്ഷ കേന്ദ്രങ്ങളിലെത്തണമെന്നായിരുന്നു നിര്‍ദേശം. പരീക്ഷ ചുമതലയിലുള്ള അധ്യാപകര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈനായി സുരക്ഷ ബോധവത്കരണ ക്ലാസ് നേരത്തെ തന്നെ നല്‍കിയിരുന്നു.
പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാനുള്ള നടപടി പൊലീസും സ്വീകരിച്ചിരുന്നു. പരീക്ഷ ഹാളുകള്‍, ടോയ്‌ലറ്റുകള്‍, കിണറുകള്‍ എന്നിവിടങ്ങളെല്ലാം ഫയര്‍ഫോഴ്‌സ് നേരത്തെ തന്നെ അണുവിമുക്തമാക്കിയതും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് കരുത്തേകിയിരുന്നു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികളെ പുറത്തിറക്കിയതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു.

കണക്കല്ല; മാസ്‌ക്കാണ് കഠിനം
കോവിഡ് 19 ഭീതിയെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളോടെ നടന്ന പരീക്ഷ കടുത്ത പരീക്ഷണമായെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കണക്ക് പരീക്ഷയേക്കാള്‍ കഠിനമായത് മാസ്‌ക്ക് ധരിക്കുന്നതായിരുന്നു. വീട്ടില്‍ നിന്നും പുറപ്പെടുന്നത് മുതല്‍ മാസ്‌ക് ധരിക്കും. ഇത് പരീക്ഷ കഴിയുന്നത് വരെ മുഖത്തിരിക്കുന്നത് കാരണം ചെവിയുടെ പുറകില്‍ വേദനയുണ്ടാക്കുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
മാസ്‌ക് ധരിച്ചാണ് പരീക്ഷക്കായി വീട്ടില്‍ നിന്നുമിറങ്ങുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂളിലേക്ക്. സ്‌കൂളില്‍ കൈകഴുകാനായി ഒരുക്കിയിരിക്കുന്നയിടത്ത് നിന്നും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകും. പിന്നെ തെര്‍മല്‍ സ്‌കാനറില്‍ ശരീരോഷ്മാവ് പരിശോധിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് നേരത്തെ അറിയിച്ച പ്രകാരമുള്ള പരീക്ഷ ഹാളിലേക്ക്. പരീക്ഷ നടക്കുന്ന സമയം മുഴുവന്‍ മാസ്‌ക് വെക്കുന്നത് ചെവിയുടെ പുറക് വശത്ത് വേദനയുണ്ടാക്കുന്നുണ്ട്. എന്നാല്‍ കണക്ക് പരീക്ഷ വലിയ ബുദ്ധി മുട്ടുണ്ടായിരുന്നില്ല. ചോദ്യപേപ്പര്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ ആദ്യമൊന്ന് പകച്ചുവെങ്കിലും ഉത്തരം എഴുതിത്തുടങ്ങിയപ്പോള്‍ എളുപ്പമായി തോന്നിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.