അതിഥി തൊഴിലാളികള്‍ മടക്കയാത്ര തുടങ്ങി

നാട്ടിലേക്കുള്ള മടക്ക യാത്രക്കായി തിരൂരിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി പ്രത്യേക ട്രെയിനില്‍ കയറുന്നു

തിരൂരില്‍ നിന്നും പ്രത്യേക ട്രെയിന്‍

തിരൂര്‍: ലോക്ക് ഡൗണില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങാനാവാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഒന്നര മാസത്തോളമായി മലപ്പുറം ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ കുടുങ്ങി കിടന്ന ബീഹാറില്‍ നിന്നുള്ള 1200 ഓളം തൊഴിലാളികളാണ് ശനിയാഴ്ച രാത്രി തിരൂരില്‍ നിന്ന് പ്രത്യേക ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് മടങ്ങിയത്. മലപ്പുറം ജില്ലയില്‍ നിന്ന് ബിഹാര്‍ സംസ്ഥാനത്തേക്കുള്ള ആദ്യസംഘമാണ് തിരൂരില്‍ നിന്ന് യാത്രയായത്. തിരൂരില്‍ നിന്ന് ബീഹാറിലെ ധാനപൂരിലേക്കാണ് ട്രെയിന്‍ യാത്ര തിരിച്ചത്. ജില്ലയില്‍ 66,000ത്തിലധികം അതിഥി തൊഴിലാളികളുണ്ടെന്നാണ് കണക്ക്.
അതിഥി തൊഴിലാളികളെ കൊണ്ടുപോവാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ വഴിയാണ് തിരൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിച്ചത്. ഓരോ ബസുകളിലും 30 ആളുകള്‍ വീതമടങ്ങുന്ന സംഘമായാണ് അതിഥി തൊഴിലാളികളെ പൊലീസിന്റെ നേതൃത്വത്തില്‍ തിരൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിച്ചത്.
ഇവര്‍ക്കുള്ള വൈദ്യ പരിശോധന തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നു.തിരൂര്‍ പൊലീസ് രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്കുള്ള ഭക്ഷണവും വിതരണം ചെയ്തു.
മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസും ജില്ല പൊലീസ് മേധാവി യു.അബ്ദുല്‍ കരീമും തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരൂര്‍ തഹസില്‍ദാര്‍ ടി.മുരളി, അഡി. തഹസില്‍ദാര്‍ പി. ഉണ്ണി, തിരൂര്‍ ഡിവൈ.എസ്.പി കെ.എ സുരേഷ് ബാബു, തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദ്, എസ്.ഐ ജലീല്‍ കറുത്തേടത്ത്, തിരൂര്‍ ജില്ല ആസ്പത്രി സൂപ്രണ്ട് ബേബി ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് വിനോദ്, ആര്‍.പി.എഫ് എം.പി ഷിനോജ്, റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എ സെയ്ത് മുഹമ്മദ് എന്നിവരും തിരൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തി യാത്രക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.