ഞായര്‍ ലോക്ക് ഡൗണ്‍ മലപ്പുറത്ത് പൂര്‍ണം

13
ഞായറാഴ്ചയിലെ ലോക്ക്ഡൗണിനെ തുടര്‍ന്ന് ശൂന്യമായ കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷന്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിച്ച് മലപ്പുറം. അവശ്യസേവന വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചതൊഴിച്ചാല്‍ മുഴുവന്‍ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്നലെ പൊലീസ് കവലിലായിരുന്നു. മുഴുവന്‍ നഗരങ്ങളിലും രാവിലെ മുതല്‍ പൊലീസ് പെട്രോളിങും നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരത്തുകളില്‍ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇന്നലെ മുഴുവന്‍ റോഡുകളും കാലിയായിരുന്നു.
പാല്‍ വിതരണത്തിനും സംഭരണത്തിനും മുടക്കില്ല എന്ന അറിയിച്ചിരുന്നെങ്കിലും വിതരണവും സംഭരണവും പലമേഖലയിലും നടന്നില്ല. ആസ്പത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോര്‍, അനുബന്ധ സേവനങ്ങള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിച്ചു. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പല ഹോട്ടലുകളും പ്രവര്‍ത്തിച്ചില്ല. ജനങ്ങള്‍ പുറത്തിറങ്ങാതെ പ്രവര്‍ത്തിച്ചിട്ടു കാര്യമില്ലെന്നാണ് ഹോട്ടലുടമകളുടെ വാദം. ഇത് മൂലം പല പ്രദേശങ്ങളിലും പാര്‍സല്‍ ഭക്ഷണം ലഭിച്ചില്ല.
മറ്റ് അത്യാവശ്യ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പ്രത്യേക പാസോടെയാണ് യാത്രചെയ്തത്. വാഹനങ്ങള്‍ കൂടുതലായി പുറത്തിറങ്ങാത്തതിനാല്‍ പല പെട്രോള്‍ പമ്പുകളും തുറന്നില്ല. അടിയന്തര ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഒരിടത്ത് ഒന്ന് എന്ന നിലയില്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചു. പലയിടങ്ങളിലും ഒരു സ്റ്റാഫുമാത്രമാണ് പമ്പുകളിലുണ്ടായിരുന്നത്. നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചത് പൊലീസ് വന്ന് അടപ്പിച്ചു. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.