അധ്യാപക അവാര്‍ഡ് ജേതാവ് എംകെ ചന്ദ്രശേഖരന്‍ വിരമിച്ചു

ചെര്‍ക്കള: സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ എംകെ ചന്ദ്രശേഖരന്‍ 25 വര്‍ഷത്തെ ഔദ്യോഗിക സര്‍വീസില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ചെര്‍ക്കള ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രധാനധ്യാപകനായിരിക്കെയാണ് വിരാമം. 2017-18 വര്‍ഷത്തെ മികച്ച സെക്കന്ററി അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. മികച്ച പിടിഎക്കുള്ള അവാര്‍ഡ് ചെര്‍ക്കള സ്‌കൂളിന് ലഭ്യമാക്കുന്നതിനും സാധ്യമായി.
സംസ്ഥാന- ജില്ലാ സബ്ജില്ലാ കലോത്സവങ്ങകളിലും ശാസ്ത്രമേളകളിലും മികച്ച സംഘാടകനായിരുന്നു. കോട്ടയം മണിമല സ്വദേശിയായ ചന്ദ്രശേഖരന്‍ നായര്‍ 1995ല്‍ ആദൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സയന്‍സ് അധ്യാപകനായി നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട്ടെത്തിയത്. 14വര്‍ഷം നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌കൂളിലും നാലു വര്‍ഷം ജിഎച്ച്എസ്എസ് ആദൂര്‍ സ്‌കൂളിലും അടുക്കത്ത് ബയല്‍, ബെള്ളൂര്‍ സ്‌കൂളുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2018 ജൂണിലാണ് ചെര്‍ക്കള സ്‌കൂളിലെത്തിയത്.
കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു സമീപമാണ് താമസം. കാസര്‍കോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക ജി വത്സലകുമാരിയാണ് ഭാര്യ. മണിപ്പാല്‍ മുനിയാല്‍ ആയുര്‍വേദ കോളജ് വിദ്യാര്‍ത്ഥിനി ചിത്സാനായര്‍, കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനി സാന്ദ്ര നായര്‍ മക്കളാണ്.