ഭക്ഷ്യ വിപണന സ്ഥാപനങ്ങളിലും ഫാര്‍മസികളിലും താപമാപിനി കാമറ സ്ഥാപിക്കണം

  127

  റസാഖ് ഒരുമനയൂര്‍
  അബുദാബി: ഷോപ്പിംഗ് മാളുകള്‍ക്ക് പുറമെ ചെറുകിട ഭക്ഷ്യ വിതരണ സ്ഥാപനങ്ങളിലും ഫാര്‍മസികളിലും താപമാപിനി കാമറകള്‍ സ്ഥാപിക്കണമെന്ന് അബുദാബി സാമ്പത്തിക കാര്യവിഭാഗം നിര്‍ദേശം നല്‍കി. പ്രവേശന കവാടത്തില്‍ കാമറ സംവിധാനത്തിലുള്ള താപമാപിനികള്‍ സ്ഥാപിച്ച് ഇവയിലൂടെ പരിശോധന നടത്തിയ ശേഷം മാത്രമേ ഉപയോക്താക്കള്‍ക്ക് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.
  ഇതിനാവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ആവശ്യമെങ്കില്‍ ദേശീയ അടിയന്തിര നിവാരണ വിഭാഗത്തില്‍ നിന്നും വാടക സംവിധാനത്തില്‍ ലഭ്യമാകുന്നതാണ്. കോവിഡ് 19 പരിശോധിക്കുകയും പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി ഇത്തരം സംവിധാനം നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് സാമ്പത്തിക കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍ കരീം അല്‍ബലൂഷി വ്യക്തമാക്കി.
  ഷോപ്പിംഗ് മാളുകളിലെത്തുന്ന സന്ദര്‍ശകര്‍ പരമാവധി രണ്ടു മണിക്കൂര്‍ മാത്രമേ ഇവിടെ ചെലവഴിക്കാന്‍ പാടുള്ളൂ. എത്രയും വേഗത്തില്‍ ഷോപ്പിംഗ് പൂര്‍ത്തിയാക്കി മടങ്ങണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മൊത്തം സൗകര്യത്തിന്റെ 30 ശതമാനം പേരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. അടച്ചിട്ടിരുന്ന മാളുകള്‍ തുറക്കുന്നതിനു മുമ്പ് ജീവനക്കാരെ മുഴുവന്‍ കോവിഡ് 19 പരിശോധനക്ക് വിധേയമാക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ വിഭാഗം നിര്‍ദേശിക്കുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കണമെന്ന് വ്യവസ്ഥയില്‍ വ്യക്തമാക്കി. മാസ്‌ക്, ഗ്‌ളൗസ് എന്നിവ ധരിക്കുകയും ശാരീരിക അകലം കൃത്യമായി പാലിക്കുകയും വേണം. പണം നല്‍കുന്നതിന് പകരം പരമാവധി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തണം.
  കവാടങ്ങള്‍, എസ്‌കലേറ്ററുകള്‍, എലിവേറ്ററുകള്‍, ശുചി മുറികള്‍, പൊതുജനങ്ങള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള മറ്റു സ്ഥലങ്ങള്‍ എന്നിവയെല്ലാം അണുമുക്ത ലായനി ഉപയോഗിച്ച് നിരന്തരം ശുചിത്വം ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.