വിടപറഞ്ഞത് തുളുനാടിന്റെ കാരണവര്‍

കാസര്‍കോട്: തലമുതിര്‍ന്ന രാഷ്ട്രീയക്കാരന്‍, ജനകീയനായ ജനപ്രതിനിധി, നാടിന്റെ നാഡീസ്പന്ദനമറിഞ്ഞ പൊതുപ്രവര്‍ത്തകന്‍, സംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യം… അങ്ങനെയങ്ങനെ ഒരു നാടിന്റെ കാരണവരായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ സി അഹമ്മദ് കുഞ്ഞി.
അത്യുത്തര കേരളത്തിലും കര്‍ണാടകത്തിലും മുസ്്‌ലിം ലീഗ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ സജീവപങ്കാളിത്തം വഹിച്ച വ്യക്തിത്വമായിരുന്നു. പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്തിയ അതിന്റെ ഓരോ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ അടയാളപ്പെടുത്തലുകള്‍ പ്രകടമായിരുന്നു. തെരഞ്ഞെടുപ്പു കാലങ്ങളില്‍ കരുത്തുറ്റ നേതൃത്വമായി നിലകൊണ്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ മഞ്ചേശ്വരത്തിന്റെ വികസനം ഒരുപടി മുന്നില്‍ കണ്ടു. ദീര്‍ഘകാലം മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം, മുസ്്‌ലിം ലീഗിന്റെ പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും ജില്ലാ വൈസ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മതവിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലകളിലും തിളങ്ങിനിന്നു. രാഷ്ട്രീയക്കാരന്‍ എന്നതിന് പുറമെ പാരമ്പര്യ വൈദ്യന്‍ കൂടിയായിരുന്നു സി അഹമ്മദ് കുഞ്ഞി.
അതുകൊണ്ടു തന്നെ മഞ്ചേശ്വരത്തുകാര്‍ക്ക് രാഷ്ട്രീയ ഭേദമെന്ന്യേ സുപരിചിതനായി. മലയാളത്തിലും കന്നഡയിലും ഉറുദുവിലും തുളുവിലും വളരെ ചടുലമായി പ്രസംഗിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പൊതുപ്രവര്‍ത്തനം പ്രൗഢമാക്കി. മഞ്ചേശ്വരം ബ്ലോക്ക് മലയാള സംരക്ഷണ സമിതി രൂപീകരിച്ചത് മുതല്‍ 1981 വരെ വൈസ് പ്രസിഡന്റായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ മഞ്ചേശ്വരത്ത് നടന്ന ഭരണഭാഷാ സമ്മേളനത്തില്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.
സി അഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എംസി ഖമറുദ്ദീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, എ ഹമീദ് ഹാജി തുടങ്ങിയവര്‍ അനുശോചിച്ചു.