തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ യുവാവിന് ക്രൂരമര്‍ദനം

82
പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ യുവാവിന് നേരെ ക്രൂര മര്‍ദനം. വെന്നിയൂരിലെ സാമൂഹ്യ പ്രവര്‍ത്തകനും ആര്‍.വൈ.എഫ് ജില്ലാ സെക്രട്ടറിയുമായ റംഷീദിനെ(30)യാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. നെഞ്ചിനും നാവിക്കും ചവിട്ടേറ്റ് റംഷീദ് തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. അക്രമിക്കപ്പെട്ട വിവരം തിരൂരങ്ങാടി എസ്.എച്ച്.ഒയെ അറിയിച്ചപ്പോള്‍ അവര്‍ ഭരണ കക്ഷി യൂണിയന്റെ ആളുകളാണെന്നും വിഷയത്തില്‍ എനിക്ക് ഒന്നും ചെയ്യാനില്ലെന്നും സി.ഐ റോയ് പറഞ്ഞുവെന്ന് യുവാവ് ചന്ദ്രികയോട് പറഞ്ഞു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. വെന്നിയൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ കെട്ടിട ഉടമ ആവശ്യത്തിന് വെള്ളം എത്തിക്കുന്നില്ലെന്ന് കാണിച്ച് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കെട്ടിട ഉടമ ചെറുകര മുഹമ്മദിനെതിരെയാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൊഴിലാളികള്‍ പരാതി നല്‍കിയത്. ഇതോടെ കെട്ടിട ഉടമയോട് ഹജറാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. വെന്നിയൂരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ റംഷീദിനേയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ പതിനൊന്ന് മണിയോടെ എത്തിയ ഇവര്‍ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന അഡീഷ്ണല്‍ എസ്.ഐ അഹമ്മദ് കുട്ടിയുമായി സംസാരിച്ചു.
അതിഥി തൊഴിലാളികളുടെ പരാതിയെ കുറിച്ചും സംസാരിച്ച എസ്.ഐയോട് വെള്ളം കൃത്യമായി നല്‍കാറുണ്ടെന്നും ആയിരം ലിറ്റര്‍ വെള്ളം ആറ് പേര്‍ക്ക് എല്ലാ ദിവസവും എത്തിക്കാറുണ്ടെന്നും റംഷീദ് എസ്.ഐയോട് പറഞ്ഞു. എന്നാല്‍ എസ്.ഐ അത് വിശ്വാസത്തിലെടുക്കാതെ വന്നതോടെ വിഷയത്തില്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരെ സമീപിക്കുമെന്ന് റംഷീദ് എസ്.ഐയോട് പറഞ്ഞുവെത്രേ. ഇതോടെ എസ്.ഐ അല്‍പ്പം മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ശേഷം ശിവന്‍, നിഖില്‍ എന്നിവര്‍ക്ക് പുറമെ മറ്റു ഒരു പൊലീസുകാരനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് റംഷീദ് പറഞ്ഞു.
നീ എസ്.ഐയോട് കലക്ടറെ കാണുമെന്ന് പറഞ്ഞോ എന്ന് ചോദിച്ച് ഒരു പൊലീസുകാരന്‍ വന്ന് മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ് താഴേക്ക് തെറിച്ചുവീണ യുവാവിനെ ശിവന്‍, നിഖില്‍ എന്നീ പൊലീസുകാര്‍ ചേര്‍ന്ന് നാവിക്കും നെഞ്ചിനും ചവിട്ടുകയും കൈ പിടിച്ച് ഒടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് യുവാവ് പറയുന്നു. ഏറെ നേരം വേദന കൊണ്ട് പുളഞ്ഞു കരഞ്ഞ യുവാവിനെ വീണ്ടും ആക്രമിച്ചെത്രേ. ശേഷം സ്ഥലത്തെത്തിയ എസ്.എച്ച്.ഒ റോയിയോടും എസ്.ഐ നൗഷാദിനോടും അക്രമിക്കപ്പെട്ട വിവരം പറഞ്ഞു. എന്നാല്‍ യുവാവ് ബഹളം വെക്കുകയും പൊലീസിന് നേരെ തട്ടിക്കയറുകയും ചെയ്തുവെന്ന അക്രമിച്ച പൊലീസുകാരുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് വിട്ടയക്കുകയായിരുന്നു. അതിന് ശേഷം തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലെത്തിയ യുവാവിനെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ അടിയും ചവിട്ടുമേറ്റ പാടുകളുമുണ്ട്. യുവാവിന് കൈയിലും നാവിയിലും സാരമായി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ സംഭവം നടന്നിട്ടില്ലെന്നും വാക്കേറ്റം മാത്രമാണ് നടന്നതെന്നും സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തതായും തിരൂരങ്ങാടി എസ്.എച്ച്.ഒ റോയ് പറഞ്ഞു.