ഇന്നലെ എത്തിയ പ്രവാസികളില്‍ 12 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍

7

എറണാകുളത്ത് നിരീക്ഷണത്തിലായിരുന്നയാളെ പാലക്കാട്ടേക്ക് മാറ്റി

പാലക്കാട്: ബഹറിന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നായി ഇന്നലെ ജില്ലയിലെത്തിയ 23 പാലക്കാട് സ്വദേശികളായ പ്രവാസികളില്‍ 12 പേരെ ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. ബാക്കി 11 പേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ എറണാകുളം ജില്ലയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന പാലക്കാട് സ്വദേശിയായ പ്രവാസിയെയും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഇന്നലെനിരീക്ഷണത്തിലായ പ്രവാസികളുടെ എണ്ണം 13 ആയി.ബഹറിനില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ വന്നിറങ്ങിയ 7 പാലക്കാട് സ്വദേശികളില്‍ 3 പേരെ നിരീക്ഷണത്തിനായി ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി പാര്‍പ്പിച്ചു. മടങ്ങിയെത്തിയ ബാക്കി നാലുപേരില്‍ ഒരാള്‍ ഗര്‍ഭിണിയും മറ്റൊരാള്‍ അത്യാവശ്യ ചികിത്സ ആവശ്യമുള്ള ആളുമാണ്. മുതിര്‍ന്ന പൗരന്‍, അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന മറ്റൊരാള്‍ എന്നിവരാണ് രണ്ടുപേര്‍. അതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാം. കൂടാതെ ബഹറിനില്‍ നിന്നും എത്തിയ പാലക്കാട് (ശ്രീകൃഷ്ണപുരം) സ്വദേശി(44)യെ രോഗലക്ഷണങ്ങള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
ദുബായില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം രാത്രി എത്തിയ 16 പാലക്കാട് സ്വദേശികളില്‍ ഒമ്പത് പേരെ ജില്ലയില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ചെയ്തു. ആറുപേരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലും മൂന്നുപേരെ പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയിലുമാണ് നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത്. ബാക്കിയുള്ള ഏഴുപേര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്നലെ പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

81 പ്രവാസികള്‍ നിരീക്ഷണത്തില്‍
പാലക്കാട്: ജില്ലയില്‍ നിലവില്‍ 81 പ്രവാസികളാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 22 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള ആറുപേരും ഉള്‍പ്പെടെയാണിത്. മെയ് ഏഴിന് യു.എ.ഇ.യില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ പാലക്കാട് സ്വദേശിയായ വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലേക്ക് ഇന്നലെ മാറ്റിയത്. നിലവില്‍ ശങ്കര്‍ ഹോസ്പിറ്റലില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 22 ആയത്.