
ഷാര്‍ജ: 2012 മെയ് 4ന് കൊല ചെയ്യപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ എട്ടാമത് രക്തസാക്ഷിത്വ ദിനം യുഎഇയിലെ ചന്ദ്രശേഖരന്റെ സുഹൃത്തുക്കള്‍ ആചരിച്ചത് മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ. 200 കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ ധാന്യ കിറ്റുകള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കൈമാറിയാണ് ചന്ദ്രശേഖരന്റെ സ്മരണ പുതുക്കിയത്.
ടി.പി ചന്ദ്രശേഖരന്റെ സാമൂഹിക ഇടപെടലുകളുടെ തുടര്‍ച്ച എന്ന നിലയിലാണ് കോവിഡ് 19 കാരണം ദുരിതമനുഭവിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് ഇ.പി ജോണ്സണ്, ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം തുടങ്ങിയവര്‍ സന്നിഹിതരായി. പ്രമോദ് പി.വി, രമേശന് കുറ്റിയേരി, സുജിത് ചന്ദ്രന്, ബാബു പുത്തൂര്‍, ഗിരീഷ്, അനൂപ് എന്നിവര്‍ ഭക്ഷണ വസ്തുക്കള്‍ അസോസിയേഷന് ഭാരവാഹികള്‍ക്ക് കൈമാറി.