അതിഥി തൊഴിലാളികളുമായി ട്രെയിന്‍ ബീഹാറിലേക്ക് തിരിച്ചു

8
പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബീഹാറിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍

പാലക്കാട്: ജില്ലയില്‍ നിന്നും അതിഥി തൊഴിലാളികളുമായുള്ള മൂന്നാമത്തെ ട്രെയിന്‍ ബീഹാറിലെ ഭട്ടിയയിലേയ്ക്ക് യാത്രതിരിച്ചു. വൈകീട്ട് അഞ്ചിന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് തൊഴിലാളികള്‍ സ്വദേശത്തേയ്ക്ക് മടങ്ങിയത്. പട്ടാമ്പി താലൂക്കില്‍ നിന്നും 848 പേര്‍, ഒറ്റപ്പാലം താലൂക്കില്‍ നിന്ന് 149, മണ്ണാര്‍ക്കാട് 150, പാലക്കാട് 232, ചിറ്റൂര്‍ 98 , എന്നിങ്ങനെ 1477 തൊഴിലാളികളാണ് ഇന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. നാട്ടിലേയ്ക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെ.എസ്.ആര്‍.ടി.സി. ബസുകളിലാണ് തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിച്ചത്. എല്ലാ തൊഴിലാളികള്‍ക്കും നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നല്‍കി. ഒറ്റപ്പാലം സബ് കലക്ടറും ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്ര ഏകോപനത്തിന്റെ നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്, തൊഴില്‍ വകുപ്പ്, റവന്യൂ, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെയാണ് അതിഥി തൊഴിലാളികളുടെ യാത്ര ഏകോപിപ്പിച്ചത്. ജില്ലയില്‍ നിന്നു നേരിട്ടല്ലാതെ തൃശ്ശൂരില്‍ നിന്ന് പാലക്കാട് വഴി ജാര്‍ഖണ്ഡിലേക്കും, തിരുവനന്തപുരത്തു നിന്നും ഷൊര്‍ണൂര്‍ വഴി രാജസ്ഥാനിലേക്കും കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിനുകള്‍ പോയിരുന്നു.